വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം
1580942
Sunday, August 3, 2025 6:51 AM IST
വൈക്കം: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെടുന്ന വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 2025-2026 അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കുകൂടി പ്രവേശനം അനുവദിച്ചു മിക്സഡ് സ്കൂളാക്കുന്നതിന് ഉത്തരവായി.
നഗരസഭയും പിടിഎയും സ്കൂൾ അധികൃതരുടെയും ആവശ്യത്തെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ ഉത്തരവ് നൽകിയത്. 63 വർഷം മുൻപാണ് സ്കൂൾ ആരംഭിച്ചത്. അന്നുമുതൽ പെൺകുട്ടികൾക്കു മാത്രമായിരുന്നു പ്രവേശനം ലഭിച്ചിരുന്നത്. പുതിയ ഉത്തരവ് വന്നതോടെ 10-ാംക്ലാസ് വരെയുള്ള ആൺകുട്ടികൾക്കും ഇനിമുതൽ ഇവിടെ പഠിക്കാം.
കെട്ടിടസൗകര്യങ്ങൾ, ക്ലാസ് മുറികൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറി തുട ങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി പിടിഎയും സ്കൂൾ മാനേജ്മെന്റും അറിയിച്ചു.
തെക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നേരത്തേ ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളായിരുന്നെങ്കിലും നിലവിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.