ക്രൈസ്തവർ സഹനങ്ങളിൽ തളരുന്നവരല്ല: മാർ തോമസ് തറയിൽ
1580934
Sunday, August 3, 2025 6:51 AM IST
കുടമാളൂർ: ക്രൈസ്തവർ സഹനങ്ങളിൽ തളരുന്നവരല്ലെന്ന് ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ. ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ നേതൃത്വത്തിൽ കുടമാളൂർ അൽഫോൻസാ ജന്മഗൃഹത്തിലേക്ക് നടത്തിയ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സഹനങ്ങളിൽ തളരാതെ ദൈവത്തിന്റെ മുഖം ദർശിച്ചവളാണ് വിശുദ്ധ അൽഫോൻസാമ്മ. തീവ്രമായ ദൈവസ്നേഹത്താൽ ജ്വലിച്ച അൽഫോൻസാമ്മ സഹനങ്ങളിൽ ദൈവത്തിന്റെ മുഖം ദർശിക്കുകയും ജീവിതത്തെ ദൈവത്തിനു സമർപ്പിക്കുകയും ചെയ്തു. അൽഫോൻസാമ്മയെപ്പോലെ അനുദിന ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെയും സഹനങ്ങളെയും സന്തോഷത്തോടെ സ്വീകരിക്കാൻ ഓരോ ക്രിസ്ത്യാനിക്കും കഴിയണം.
കർത്താവിന്റെ വേലയ്ക്കായി ഇറങ്ങുന്നവർക്ക് അനേകം പ്രശ്നങ്ങളെ നേരിടേണ്ടിവരും. അവിടെയൊക്കെ തളരാതെ ഈശോയ്ക്കു സാക്ഷ്യം വഹിക്കുന്നവരാണ് ക്രൈസ്തവർ. ക്രൈസ്തവ സാക്ഷ്യത്തിന്റെ നന്മയും മനോഹാരിതയുമായി ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ കാണാം. ഈ സംഭവങ്ങളൊന്നും നമ്മെ ഭയപ്പെടുത്തുകയോ പിന്തിരിപ്പിക്കുകയോ ചെയ്യുന്നില്ല.
യഥാർഥ ക്രിസ്തീയതയുടെ വെളിപ്പെടുത്തലാണ് ഇവിടെ നടക്കുന്നത്. നിരാലംബരും നിരാശ്രയരുമായവർ എവിടെയുണ്ടോ അവിടെയെല്ലാം ക്രൈസ്തവ മിഷനറിമാർ ഭയപ്പെടാതെയും പ്രതിഫലേച്ഛ കൂടാതെയും തങ്ങളുടെ ശുശ്രൂഷ നിർവഹിക്കും. ഇതിൽനിന്ന് ഒരു ശക്തിക്കും ക്രൈസ്തവരെ പിന്തിരിപ്പിക്കാനാവില്ല. അൽഫോൻസാമ്മയുടെ സഹനജീവിതം ക്രൈസ്തവ മിഷനറിമാർക്കു മാതൃകയും പ്രചോദനവുമാണ് - മാർ തോമസ് തറയിൽ പറഞ്ഞു.