കത്തീഡ്രൽ ഇടവക ദ്വിശതാബ്ദി: വിളംബരജാഥ നടത്തി
1580877
Sunday, August 3, 2025 6:07 AM IST
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ ഇടവകയുടെ ദ്വിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് അക്കരപ്പള്ളിയില്നിന്നു കത്തീഡ്രല്‍ പള്ളിയിലേക്ക് നടന്ന ജൂബിലി വിളംബര റാലി പ്രൗഢോജ്വലമായി. വിളംബര ജാഥയുടെ ഫ്ളാഗ് ഓഫ് വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേി, ജനറൽ കൺവീനർ സെബാസ്റ്റ്യൻ എള്ളൂക്കുന്നേലിന് പതാക കൈമാറി നിർവഹിച്ചു.
റാലിയില്‍ 200 വര്‍ഷത്തിന്റെ പ്രതീകമായി 200 പേര് കൊടികളേന്തിയും കൂട്ടായ്മാ പ്രതിനിധികളും സംഘടനാ പ്രതിനിധികളും ഇടവകജനവും അണിനിരന്നു. ഫ്ളോട്ടുകളും മാലാഖമാരുടെ വേഷം ധരിച്ച കുട്ടികളും റാലിയെ വർണാഭമാക്കി. കാഞ്ഞിരപ്പള്ളി ടൗണ്‍ ചുറ്റി റാലി കത്തീഡ്രല്‍ പള്ളിയില്‍ സമാപിച്ചു. തുടര്‍ന്ന് ജൂബിലി പതാക ഉയര്‍ത്തി. തിരിതെളിക്കല്, 200 പേർ അണിനിരന്ന ജൂബിലിഗാനം, വാദ്യമേളം എന്നിവയും നടന്നു.

ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കും. ഇടവകയിൽ സേവനം ചെയ്ത വൈദികർ സഹകാർമികരായിരിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി, ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, കെ.ആർ. തങ്കപ്പൻ, ഡോ. അർഷാദ് മൗലവി, പി. ജീരാജ്, എം.എസ്. മോഹൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കത്തീഡ്രൽ ടീമിന്റെ നേതൃത്വത്തിൽ "മഞ്ഞു പെയ്യുന്ന മരുഭൂമി' എന്ന നാടകം നടക്കും. ജൂബിലി ആഘോഷങ്ങൾ 10ന് സമാപിക്കും.