പഴയ ബോട്ടുജെട്ടിയുടെ മേൽക്കൂര പുനർനിർമിച്ചു
1581275
Monday, August 4, 2025 7:16 AM IST
വൈക്കം: നൂറ്റാണ്ട് പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടിക്കെട്ടിടം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി മേൽക്കൂരയുടെ നിർമാണം പൂർത്തിയാക്കി. വൈക്കംസത്യഗ്രഹ സമര ചരിത്രത്തിന്റെ ഭാഗമായ ബോട്ടുജെട്ടിക്കെട്ടിടം തനിമ നിലനിർത്തി ചരിത്രസ്മാരകമായാണ് പുനർനിർമിക്കുന്നത്.
ബോട്ടുജെട്ടിയുടെ നവീകരണത്തിനായി 25 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക. ബോട്ടുജെട്ടിക്കെട്ടിടത്തിന്റെ പഴയ രൂപത്തിനു മാറ്റംവരുത്താതെയാണ് നിർമാണപ്രവൃത്തികൾ നടന്നുവരുന്നത്.
വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാൻ മഹാത്മജിയടക്കമുള്ള നേതാക്കൾ ബോട്ടുമാർഗമെത്തി വൈക്കം ജെട്ടിയിലാണ് ഇറങ്ങിയത്.
നിരവധി ധന്യമുഹൂർത്തങ്ങൾക്ക് സാക്ഷിയായ ബോട്ടുജെട്ടി ചരിത്രസ്മാരകമായി പുനർനിർമിക്കണമെന്ന് ജനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു.