ഡിസിസി പ്രസിഡന്റുമാറ്റം: ചർച്ച വീണ്ടും സജീവം
1581046
Sunday, August 3, 2025 11:44 PM IST
കോട്ടയം: ഡിസിസി പ്രസിഡന്റുമാറ്റം വീണ്ടും സജീവമായി. ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതിനായി എഐസിസി നല്കിയ പട്ടികയില്‍ കോട്ടയവുമുണ്ട്. കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെത്തിയ കെപിസിസി പ്രസിഡന്റിനോടും ഭാരവാഹികളോടും മുന്‍ കെപിസിസി പ്രസിഡന്റുമാരുമായും ഡിസിസി പ്രസിഡന്റുമാരുമായും മുതിര്‍ന്ന നേതാക്കളുമായും ആലോചിച്ച് പുനഃസംഘടന നടത്താനാണ് ദേശീയ നേതൃത്വം പറഞ്ഞത്.
ഇതനുസരിച്ച് കെപിസിസി ഭാരവാഹികള്‍ അനൗപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. നിലവിലെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് ഒരു ടേം കൂടി നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും സാധ്യത കുറവാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ വിഭാഗത്തിന്റെ പ്രതിനിധിയായിട്ടാണ് സുരേഷ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സുരേഷിനെ മാറ്റിയാല്‍ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിനെ പ്രസിഡന്റാക്കാനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പിന്റെ തീരുമാനം. ചര്‍ച്ചയില്‍ ഫില്‍സണ്‍ മാത്യൂസിന്റെ പേരിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും ഫില്‍സണ്‍ മാത്യൂസിന്റെ പേര് അവസാനവട്ടം വരെ പരിഗണിച്ചിരുന്നു.
ഏറ്റവും ഒടുവിലാണ് നാട്ടകം സുരേഷ് എത്തുന്നത്. ഇതിനിടയില്‍ സംസ്ഥാന തലത്തില്‍ ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കിയിരുന്ന എ ഗ്രൂപ്പ് പുനരുജ്ജീവിച്ചിട്ടുണ്ട്.
പി.സി. വിഷ്ണുനാഥും ചാണ്ടി ഉമ്മനുമാണ് ഇതിനു നേതൃത്വം നല്‍കുന്നത്. കെ.സി. ജോസഫ്, എം.എം. ഹസന്, ബെന്നി ബഹന്നാന് എന്നിവരുടെ ആശീര്‍വാദത്തോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പ് എന്ന പേരില്‍ പുതിയ നീക്കം.
ഈ ഗ്രൂപ്പ് ചാണ്ടി ഉമ്മനെയാണ് കോട്ടയം ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ളവര്‍ ഇതിനോട് യോജിക്കുന്നില്ല. സാമുദായിക പരിഗണനയും നോക്കേണ്ടതുണ്ട്. ക്രിസ്ത്യന്‍ സമുദായത്തിനു മുന്‍തൂക്കമുള്ള ജില്ലയില്‍ ആ സമുദായത്തില്‍നിന്ന് ഒരാള്‍ എന്ന നിര്‍ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രസിഡന്റുമാരെ ഇതനുസരിച്ചാകും തീരുമാനിക്കുക. അപ്രതീക്ഷിതമായി ഒരാൾ പ്രസിഡന്റു സ്ഥാനത്തേക്ക് എത്താനും സാധ്യതയില്ലായ്കയില്ല.
കാലങ്ങളായി എ ഗ്രൂപ്പിന്റെ കൈയിലുള്ള സ്ഥാനം ഇത്തവണ വേണമെന്നാണ് ഐ ഗ്രൂപ്പിന്റെ ആവശ്യം. കെപിസിസി മുന്‍ വൈസ്പ്രസിഡന്റ് വക്താവും എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് എന്നിവരുടെ പേരുകളാണ് ഐ ഗ്രൂപ്പ് മുന്നോട്ടു വയ്ക്കുന്നത്. ജോസഫ് വാഴയ്ക്കന് അടുത്ത നാളിലായി ജില്ലയില്‍ സജീവമാണ്.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എന്ന നിലയില്‍ ഫിലിപ്പ് ജോസഫ് ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നയാളാണ്. മുമ്പും പലവട്ടം ഫിലിപ്പ് ജോസഫിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതാണ്. അടുത്തയാഴ്ച പുതിയ ഡിസിസി പ്രസിഡന്റും ജില്ലാ ഭാരവാഹികളുമുണ്ടാകുമെന്നാണ് സൂചന.