മൂവാറ്റുപുഴ നഗരത്തിലെ വെള്ളക്കെട്ട്: ഓടകൾ വൃത്തിയാക്കി സിവിൽ ഡിഫൻസ്
1246748
Thursday, December 8, 2022 12:18 AM IST
മൂവാറ്റുപുഴ: അഗ്നിരക്ഷാസേനാംഗങ്ങളും സിവിൽ ഡിഫൻസ് ഫോഴ്സും കൈകോർത്തതോടെ നഗരത്തിലെ ഐടിആർ ജംഗ്ഷൻ മുതൽ വാഴപ്പിള്ളിവരെയുള്ള ഭാഗങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമായി. അഗ്നിരക്ഷാ നിലയത്തിൽ സിവിൽ ഡിഫൻസ് ഡേ ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് എംസി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താൻ സേനാംഗങ്ങൾ മുന്നിട്ടിറങ്ങിയത്.
സിവിൽ ഡിഫൻസ് മൂവാറ്റുപുഴ നിലയം കോ ഓർഡിനേറ്റർ സി.എ. നിഷാദ് പതാക ഉയർത്തുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
സ്റ്റേഷൻ ഓഫീസർ രാജേഷ് കുമാറിന്റെ നിർദേശത്തെത്തുടർന്നാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തിയത്. ഓടകളിലേക്കുള്ള നീരൊഴുക്ക് തടസപ്പെടുത്തുന്ന രീതിയിൽ തങ്ങിനിന്ന മാലിന്യങ്ങളും എക്കൽ മണ്ണും നീക്കം ചെയ്ത് വൃത്തിയാക്കി. നിലവിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളകെട്ടുണ്ടാകുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. അതുമൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് മൂവാറ്റുപുഴ നിവാസികളെ മാത്രമല്ല മൂവാറ്റുപുഴയിൽകൂടി സഞ്ചരിക്കുന്നവരെയുമാണ് ബാധിക്കുന്നത്. ശബരിമല തീർഥാടന കാലമായതിനാൽ ഇതുവഴിയുള്ള അയ്യപ്പ ഭക്തരുടെ വാഹനങ്ങളും കൂടുതലാണ്.
നഗരസഭാംഗം കെ.ജി. അനിൽകുമാറിന്റെ മേൽനോട്ടത്തിൽ സിവിൽ ഡിഫൻസ് സ്റ്റേഷൻ കോ-ഓർഡിനേറ്റർ സി.എ. നിഷാദ്, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ. ഷീജ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പ്രവർത്തകരും ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ നിതിൻ എസ്. നായർ നേതൃത്വം നൽകുന്ന ഒൻപതോളം സിവിൽ ഡിഫൻസ് വർഡന്മാരും പങ്കെടുത്തു.