പണ്ടാരച്ചിറ തോട് നവീകരണത്തിന് 100 കോടിയുടെ പദ്ധതി
1568550
Thursday, June 19, 2025 4:13 AM IST
കൊച്ചി: പശ്ചിമകൊച്ചിയിലെ പ്രധാന ജലാശയമായ പണ്ടാരച്ചിറ തോട് നവീകരണത്തിന് 100 കോടിയുടെ പദ്ധതി ആവിഷ്കരിച്ചതായി മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ കനാല്‍ പുനരുജ്ജീവന ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും ഗ്രാന്റായി നല്‍കാമെന്ന് ഓഷ്യന്‍ റിസ്ക് ആന്‍ഡ് റിസിലന്സ് ആക്ഷന്‍ അലൈന്‍സ് എന്ന ഏജന്‍സി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.
വേലിയേറ്റ സമയങ്ങളില്‍ വെള്ളക്കെട്ടില്ലാതെ ജലമൊഴുക്ക് നിലനിര്‍ത്തുന്നതിന് പാലങ്ങളും കലുങ്കുകളും പുതുക്കി പണിയുക, ഖരമാലിന്യങ്ങളും കുളവാഴയും നിറയാതെ വെള്ളം സുഗമമായി ഒഴുകുന്നതിന് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുക, ചെളി കോരുക, പാര്‍ശ്വഭിത്തികള്‍ ബലപ്പെടുത്തുക, സംരക്ഷണ ഭിത്തി നിര്‍മിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക എന്നിവയാണ് പദ്ധതിയുടെ ഭാഗമായി പ്രധാനമായും ചെയ്യുന്നത്. ഇതോടൊപ്പം തോടിനോടു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ കളിസ്ഥലവും മലിനജല ശുദ്ധീകരണ പ്ലാന്റും പദ്ധതിയിലുണ്ട്.
കൊച്ചിയുടെയും പള്ളുരുത്തിയുടെയും അതിര്‍ത്തി കൂടിയായ തോടിന്റെ 2.3 കിലോമീറ്റര്‍ വരുന്ന ഭാഗത്താണ് നവീകരണം. വിശദമായ ഡിപിആര്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയാണ് ഡിപിആര്‍ തയാറാക്കുന്നതിന് ചെലവഴിക്കുക. നാല് മാസത്തിനുള്ളില്‍ ഡിപിആര്‍ തയാറാക്കും.
മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐസിഎല്‍ഇഐ പ്രതിനിധി ഡോ. മോണാലിസ സെന്‍, ബെക്ടല് പ്രതിനിധി താര എസ്. പിള്ള, മാറ്റര്‍ലാബ് പ്രതിനിധി ഡോ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.