മഴയിൽ തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു
1568556
Thursday, June 19, 2025 4:26 AM IST
മൂവാറ്റുപുഴ: ശക്തമായ മഴയിൽ തോടിന്റെ സംരക്ഷണ ഭിത്തി തകർന്നു. മൂവാറ്റുപുഴ നഗരസഭയിലെ ഒന്നും മൂന്നും വാർഡുകളിലൂടെ കടന്നുപോകുന്ന മണിയം തോടിന്റെ സംരക്ഷണ ഭിത്തിയാണ് ചൊവ്വാഴ്ച പെയ്ത മഴയിൽ തകർന്നത്.
വാഴപ്പിള്ളി മേഖലയിൽനിന്ന് ഒഴുകിയെത്തുന്ന മണിയം തോടിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ മൂന്നുകണ്ടം ഉന്നതി നിവാസികൾ ആശ്രയിക്കുന്ന റോഡ് അപകടാവസ്ഥയിലായിരിക്കുകയാണ്. പ്രദേശത്തെ 26ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് അപകാവസ്ഥായിലായിരിക്കുന്നത്.
തോടിന്റെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന സംരക്ഷണ ഭിത്തി തകർന്ന് അവശിഷ്ടങ്ങൾ തോട്ടിൽ കിടക്കുന്നതിനാൽ തോട് കവിഞ്ഞ് ഒന്നാം വാർഡിൽ ഉൾപ്പെടുന്ന മൂന്നുകണ്ടം ഉന്നതിയിലേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. ഉന്നതി നിവാസികൾ ആശ്രയിക്കുന്ന റോഡിലേക്കും വീടിന്റെ സമീപ പ്രദേശങ്ങളിലേക്കും വെള്ളം ഒഴുകിയെത്തിയതോടെ ജീവിതം ദുസഹമായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരമെന്നോണം നേരത്തെ നഗരസഭയിൽനിന്ന് ഏഴ് ലക്ഷം അനുവദിച്ച് സംരക്ഷണ ഭിത്തി നിർമിച്ച് നൽകിയിരുന്നു. ഇവിടെനിന്നും കുറച്ച് മാറിയുള്ള പ്രദേശത്തെ സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്.
നഗരസഭാംഗം മീര കൃഷ്ണൻ, അസം ബീഗം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ട് എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. മൈനർ ഇറിഗേഷൻ വകുപ്പിന് പരാതി നൽകിയിട്ടുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നും നഗരസഭാധികൃതർ പറഞ്ഞു.