റോഡിലെ കുഴിയിൽ വാഴനട്ട് വ്യാപാരിയുടെ പ്രതിഷേധം
1568557
Thursday, June 19, 2025 4:26 AM IST
മൂവാറ്റുപുഴ: റോഡ് തകർന്ന് യാത്രക്കാർ ദുരിതത്തിലായിട്ടും പിഡബ്ല്യുഡി അധികൃതർ തിരിഞ്ഞുനോക്കാത്തതിനെ തുടർന്ന് റോഡിലെ കുഴിയിൽ വാഴനട്ട് വ്യാപാരിയുടെ പ്രതിഷേധം. 2023ൽ ബിഎംബിസി നിലവാരത്തിൽ നിർമാണം പൂർത്തീകരിച്ച കീച്ചേരിപ്പടി - ഇഇസി മാർക്കറ്റ് റോഡിലാണ് യാത്രക്കാരെ അപകടത്തിലാക്കി നിരവധി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.
എന്നാൽ ഉത്തരവാദിത്വപ്പെട്ട പിഡബ്ല്യുഡി അധികൃതർ തിരിഞ്ഞു നോക്കാത്തതിനെതുടർന്നാണ് പ്രദേശത്ത് വ്യാപാര സ്ഥാപനം നടത്തുന്ന ശെൽവൻ റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധിച്ചത്.
നഗരവികസനത്തിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കോതമംഗലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇഇസി മാർക്കറ്റ് റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ചെറുതും വലുതുമായ നിരവധി കുഴികൾ രൂപപ്പെട്ടതോടെ യാത്രക്കാർ വലിയ ദുരിതത്തിലാണ്. കുഴിയിൽ വീണ് ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവായിരിക്കുകയാണ്.
ബുധനാഴ്ച രാവിലെ മൂന്നോളം ഇരുചക്ര വാഹന യാത്രക്കാർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതിനെതുടർന്നാണ് വാഴനട്ട് പ്രതിഷേധിച്ചതെന്ന് വ്യാപാരി ശെൽവൻ പറഞ്ഞു. എത്രയും പെട്ടെന്ന് റോഡിലെ കുഴികൾ അടച്ച് അപകട ഭീഷണി ഒഴിവാക്കണമെന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്.