സഹോദരങ്ങളെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ
1568568
Thursday, June 19, 2025 4:42 AM IST
ഉദയംപേരൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും സഹോദരനെയും ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടക്കാവ് കുറവൻപറമ്പിൽ സുനീഷ്, ഉദയംപേരൂർ കുറവൻപറമ്പിൽ അനു, ഉദയംപേരൂർ കൊച്ചുതോട്ടത്തിൽപ്പറമ്പിൽ മിഥുൻ എന്നിവരെയാണ് പോക്സോ പ്രകാരം ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പെൺകുട്ടിയും സഹോദരനുമൊന്നിച്ച് മുളന്തുരുത്തിയിലുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം തിരികെ കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. രാത്രി 11.30ഓടെ എംഎൽഎ റോഡിൽ നെടുവേലി ക്ഷേത്രത്തിനടുത്ത് കുറച്ചുപേർ റോഡിന് കുറുകെ നിന്ന് ഇവരിലൊരാളെ കാർ തട്ടിയതായി പറഞ്ഞ് കാർ തടഞ്ഞു നിർത്തുകയായിരുന്നു.
തുടർന്ന് പ്രതികളിൽ രണ്ടുപേർ കാറിന്റെ ഡോർ വലിച്ചുതുറന്ന് സഹോദരന്റെ കവിളിലും ഷർട്ടിലും കുത്തിപ്പിടിച്ചു. പെൺകുട്ടി ശബ്ദമുണ്ടാക്കിയതോടെ പെൺകുട്ടിയിരുന്ന ഭാഗത്തെ ഡോർ വലിച്ച് തുറന്ന് പ്രതികളിലൊരാൾ നീളമുള്ള കുട കൊണ്ട് കാലിൽ കുത്തുകയായിരുന്നു.
മറ്റൊരു പ്രതി പെൺകുട്ടിയുടെ ഉടുപ്പിൽ പിടിച്ചുവലിച്ച് ഷർട്ടിന്റെ ബട്ടണുകൾ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തിൽ പെൺകുട്ടിയുടെ കാലിന്റെ ചെറുവിരലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.