അമലയിൽ വായനവാരാഘോഷവും പി.എൻ. പണിക്കർ അനുസ്മരണവും 24ന്
1568994
Saturday, June 21, 2025 12:57 AM IST
തൃശൂർ: അമല മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, നഴ്സിംഗ് സ്കൂൾ, പാരാമെഡിക്കൽ, ആയുർവേദം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനവാരാഘോഷവും പി.എൻ. പണിക്കർ അനുസ്മരണവും 24ന് ഉച്ചകഴിഞ്ഞു മൂന്നിനു സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യും.
അമലയിലെ വിവിധ കോളജുകളിലെ നല്ല ലൈബ്രറി വായനക്കാരെ ആദരിക്കൽ, സാഹിത്യ ക്വിസ് മത്സര വിജയികൾക്കു സമ്മാനങ്ങൾ നല്കൽ, മെഡിക്കൽ കോളജ് വിദ്യാർഥികളുടെ മാഗസിൻ പ്രൊമോ റിലീസ്, സീനിയർ സയന്റിഫിക് റിസർച്ച് ഓഫീസർ ഡോ. ജോബി തോമസ് എഴുതിയ നാലു പുസ്തകങ്ങളുടെ പ്രകാശനം എന്നിവയും വൈശാഖൻ നിർവഹിക്കും. അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ സിഎംഐ അധ്യക്ഷത വഹിക്കും.
വായനയും മാനസികാരോഗ്യവും എന്ന വിഷയത്തിലുള്ള സെമിനാർ അമല കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവൻ പ്രഫ. ഡോ. സി.ആർ. സാജു അവതരിപ്പിക്കും. പി.എൻ.പണിക്കർ അനുസ്മരണം കൊടകര സഹൃദയ കോളജ് ലൈബ്രേറിയൻ ഡോ. ബി. ഷാജി നിർവഹിക്കും. ഡെപ്യൂട്ടി ലൈബ്രേറിയൻ ജിക്കൊ കോടങ്കണ്ടത്ത് വായനപ്രതിജ്ഞയ്ക്കു നേതൃത്വം നല്കും. പ്രഫസറും ചീഫ് ലൈബ്രേറിയനുമായ ഡോ. എ.ടി. ഫ്രാൻസിസ്, ലൈബ്രേറിയൻ വി.ജെ. ലിറ്റി, പ്രിൻസിപ്പൽമാർ, വിദ്യാർഥിപ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.
പത്രസമ്മേളനത്തിൽ ഡോ. എ.ടി. ഫ്രാൻസിസ്, എക്സ്റ്റേണൽ ഓപ്പറേഷൻസ് ജനറൽ മാനേജർ ബോർജിയോ ലൂവിസ്, വി.ജെ. ലിറ്റി, പിആർഒ ജോസഫ് വർഗീസ് എന്നിവർ പങ്കെടുത്തു.