കായികമേഖലയിൽ നടപ്പിലാക്കുന്നത് സമാനതകളില്ലാത്ത വികസനം: മന്ത്രി
1568989
Saturday, June 21, 2025 12:57 AM IST
കൈപ്പറമ്പ്: സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കായിക മേഖലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാ ൻ. മുണ്ടൂരിലെ ഇഎംഎസ് ഇൻഡോർ സ്റ്റേഡിയത്തിലെ മേപ്പിൾവുഡ് ഫ്ലോറിംഗ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു.
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷതവഹിച്ചു. കായികവകുപ്പിന്റെ 47.5 ലക്ഷം ചെലവഴിച്ചാണ് സ്റ്റേഡിയത്തിലെ മേപ്പിൾ വുഡ് ഫ്ലോറിംഗ് പൂർത്തീകരിച്ചത്. ഇതോടെ ജില്ലയിലെ പ്രധാന മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം എന്ന രീതിയിൽ ഇഎംഎസ് സ്റ്റേഡിയം ഉപയോഗപ്രദമായി.
സ്റ്റേഡിയത്തിന്റെ ഭാഗമായുള്ള കിച്ചന്റെയും ഡൈനിംഗ് ഹാളിന്റെയും കെട്ടിടനിർമാണം പുരോഗമിക്കുകയാണെന്ന് എംഎൽഎ സൂചിപ്പിച്ചു. ഗ്രാമീണമേഖലയിലെ കായികവികസനത്തിനായി സർക്കാർ നടപ്പാക്കുന്ന കളിക്കളം പദ്ധതിയുടെ ഭാഗമായി ലഭിച്ച അമ്പതുലക്ഷവും എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അമ്പതുലക്ഷം രൂപയും ചേർത്ത് ഒരുകോടി രൂപയുടെ പഞ്ചായത്ത് ഗ്രൗണ്ടിന്റെ നവീകരണപ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ചടങ്ങിൽ നടത്തി.
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജിമ്മി ചൂണ്ടൽ, ലിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉഷ, വൈസ് പ്രസിഡന്റ് കെ.എം. ലെനിൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ പ്രസംഗിച്ചു.