മണ്ണിടിഞ്ഞുവീണു മരിച്ച മനീഷിന് നാടിന്റെ അന്ത്യാഞ്ജലി
1592962
Friday, September 19, 2025 10:01 PM IST
ആറളം: മട്ടന്നൂർ കായലൂർ കുംഭം മൂലയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ മണ്ണിടിഞ്ഞ് മരിച്ച ആറളം ഫാം പതിനൊന്നാം ബ്ലോക്കിലെ മനീഷിന് നാടിന്റെ അന്ത്യാഞ്ജലി. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ ഉച്ചയോടെയാണു മൃതദേഹം വീട്ടിലെത്തിച്ചത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3.30 ഓടെയായിരുന്നു മട്ടന്നൂർ നഗരസഭയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനിടെ അപകടം. കായലൂർ-കുംഭം മൂല റോഡരികിൽ പൈപ്പ് സ്ഥാപിക്കുന്നതിന് ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയശേഷം പൈപ്പ് ജോയിന്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ചെറുപുഴ സ്വദേശി തങ്കച്ചന് പരിക്കേറ്റിരുന്നു.
സ്വകാര്യ വ്യക്തിയുടെ വീട്ടുമതിൽ ഇടിഞ്ഞ് മണ്ണും കല്ലും ദേഹത്ത് വീണു ഇരുവരും മണ്ണിനടിയിൽപ്പെടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ അഗ്നിരക്ഷാ വിഭാഗവും നാട്ടുകാരും മണ്ണിനടിയിൽപ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മനീഷിനെ രക്ഷപ്പെടുത്താനായില്ല. മട്ടന്നൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽനിന്ന് പോസ്റ്റ് മോർട്ടം നടത്തിയശേഷം വീട്ടിലെത്തിച്ച് പൊതുദർശനത്തിനു വച്ചു. തുടർന്നു വീട്ടുപറമ്പിൽ സംസ്കരിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ. ഷാജിത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ശ്രീനാഥ്, പി. അനിത, വി.കെ. സുഗതൻ, കൗൺസിലർ ഇ. ശ്രീജേഷ്, ആറളം, പേരാവൂർ പഞ്ചായത്തംഗങ്ങൾ തുടങ്ങി നിരവധിപേർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.