തലശേരി-കൂർഗ് അന്തർസംസ്ഥാന ഹൈവേ നവീകരണം : സണ്ണി ജോസഫ് കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി
1593041
Saturday, September 20, 2025 1:04 AM IST
ഇരിട്ടി: തലശേരി-കൂർഗ് അന്തർസംസ്ഥാന പാതയുടെ ശോച്യാവസ്ഥ പരിഹരിച്ച് നവീകരിക്കണമെന്ന് കാണിച്ച് സണ്ണി ജോസഫ് എംഎൽഎ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കൂട്ടുപുഴ പാലം മുതൽ പെരുമ്പാടി വരെയുള്ള 19 കിലോമീറ്റർ റോഡ് ഭാഗം അപകടകരമായ അവസ്ഥയിലാണ്. 17.3 കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും 10.6 കിലോമീറ്റർ പദ്ധതിയിൽ ആറുകോടി ചെലവിൽ നാലു കിലോമീറ്റർ മാത്രമാണ് പൂർത്തിയായത്.
റോഡിന്റെ മോശം അവസ്ഥ കാരണം നിരവധി അപകടങ്ങൾ നടന്നതായും കഴിഞ്ഞ ആറുമാസത്തിനിടെ രണ്ട് ലോറികൾ അപകടത്തിൽപ്പെട്ട് ഡ്രൈവർമാർ മരിച്ചിരുന്നു. റോഡ് നവീകരണം വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും മാത്രമല്ല, യാത്രക്കാരുടെ സുരക്ഷയ്ക്കും അനിവാര്യമാണെന്ന് സണ്ണി ജോസഫ് എംഎൽഎ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
റോഡ് നവീകരണം വേഗത്തിലാക്കുക, പെരുമ്പാടി കഴിഞ്ഞുള്ള മൂന്നുകിലോമീറ്റർ ഭാഗത്തിന് ടെൻഡർ നടപടികൾ പൂർത്തിയാക്കുക, 12.5 കിലോമീറ്റർ ഉൾപ്പെടുന്ന 31 കോടി പ്രോജക്ടിന് അംഗീകാരം നൽകുക, അപകടം സൃഷ്ടിക്കുന്ന മരങ്ങൾ നീക്കം ചെയ്യുക, മണ്ണിടിച്ചിൽ പ്രതിരോധ സംവിധാനം ഒരുക്കുക, റോഡിന്റെ വശങ്ങളിൽ ഓവുചാലുകളും സുരക്ഷാ ബാരിക്കേഡുകളും സ്ഥാപിക്കുക എന്നീ കാര്യങ്ങളും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഹസൻ, മടിക്കേരി, വിരാജ്പേട്ട, കൂട്ടുപുഴ റോഡിനെ ദേശീയപാതയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.