ഈ സർക്കാർ മാറണമെന്ന വികാരം ശക്തം: രമേശ് ചെന്നിത്തല
1593033
Saturday, September 20, 2025 1:04 AM IST
കണ്ണൂര്‍: ഒന്‍പത് വര്‍ഷമായി കേരളത്തില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും ഈ സര്‍ക്കാര്‍ മാറണമെന്നാണ് മഹാഭൂരിപക്ഷം സാധാരണക്കാരുടെയും ആഗ്രഹമെന്നും എഐസിസി പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല എംഎൽഎ. സർക്കാരിനെതിരെയുള്ള ജനരോഷം തെരഞ്ഞെടുപ്പിൽ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ ഡിസിസിയിൽ നേതൃയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഇടതുഭരണത്തിന്റെ ദുരിതം സഹിക്കുന്ന ജനങ്ങളുടെ വികാരത്തിനൊപ്പമാണ് കോണ്‍ഗ്രസും യുഡിഎഫും നിലകൊള്ളുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ സര്‍ക്കാരിനെതിരായ ജനവികാരം ഉള്‍ക്കൊണ്ട് ഈ ദുര്‍ഭരണത്തിന് അറുതി വരുത്താനുള്ള ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എംഎൽഎ, സോണി സെബാസ്റ്റ്യൻ, വി.എ. നാരായണൻ, പി.ടി. മാത്യു, സജീവ് മാറോളി, കെ.വി. ഫിലോമിന, ടി. ജയകൃഷ്ണൻ, ടി. ജനാർദനൻ, മുഹമ്മദ് ബ്ലാത്തൂർ, റിജിൽ മാക്കുറ്റി, വി.പി. അബ്ദുൾ റഷീദ്, വി.വി. പുരുഷോത്തമൻ, അമൃത രാമകൃഷ്ണൻ, രജനി രമാനന്ദ്, എംപി വേലായുധൻ, വി.ആർ. ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.