അസ്ഥികൾ പൊടിയുന്ന രോഗം; സഹോദരങ്ങളടക്കം മൂന്നുകുട്ടികൾ ചികിത്സാ സഹായം തേടുന്നു
1593045
Saturday, September 20, 2025 1:04 AM IST
ഉദയഗിരി: അസ്ഥികൾ പൊടിയുന്ന രോഗം ബാധിച്ച സഹോദരങ്ങൾ ഉൾപ്പടെ മൂന്നു കൂട്ടികൾ വിദഗ്ധ ചികിത്സയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു.മണക്കടവ് വായിക്കമ്പയിലെ അമ്പലത്തിങ്കൽ സുമേഷ്- സൗമ്യ ദന്പതികളുടെ മക്കളായ ദേവകൃഷ്ണ (13), ഹിമഗൗരി (ഒമ്പത്), പൊറ്റമല ഹരി പ്രകാശ്- ജയകുമാരി ദന്പതികളുടെ മകൻ ഹരിനന്ദൻ (12) എന്നിവരാണ് ചികിത്സാ സഹായം തേടുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതാണ് ഇരുകുടുംബങ്ങളും. ശസ്ത്രക്രിയയും തുടർചികിത്സയുമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. 20 ലക്ഷത്തോളം രൂപ ചെലവ് വരും. ഇത്രയും തുക കണ്ടെത്താനുള്ള ഒരു മാർഗവും ഇരുകുടുംബങ്ങൾക്കുമില്ല. വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ദേവകൃഷ്ണ. അരങ്ങം രാമവർമ്മ രാജ വിദ്യാനികേതൻ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ഹിമഗൗരി. മണക്കടവ് ശ്രീപുരം ഗവ.സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഹരിനന്ദ്.
ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ചെയർമാനും കരുവഞ്ചാൽ ഹരിത ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എൻ.യു. അബ്ദുള്ള കോ-ഓർഡിനേറ്ററുമായി ജനകീയ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. കേരള ഗ്രാമീൺ ബാങ്കിന്റെ മണക്കടവ് ബ്രാഞ്ചിൽ 4044810 1038 107 നമ്പറായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐഎഫ്എസ്സി കെ.എൽ.ജി.ബി 0040448. ഗൂഗിൾ പേ 8547247820, 9744972908, 9400820296. ഫോൺ: 9446844877.