ബഫർസോൺ വിഷയത്തിൽ വീണ്ടും ഉടക്കിട്ട് പഴശി ജലസേചന വിഭാഗം
1593036
Saturday, September 20, 2025 1:04 AM IST
ഇരിട്ടി: ജലസംഭരണികളോട് ചേർന്നുള്ള ജനവാസ മേഖല ബഫർസോൺ ആക്കിയുള്ള വിവാദ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ ദിവസങ്ങൾക്കകം പിൻവലിച്ചതായി മന്ത്രി നിയമസഭയിൽ പ്രഖ്യാപിക്കുകയും ഉത്തരവിറക്കിയിട്ടും ഇതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാടുമായി പഴശി ജലസേചന വിഭാഗം. പഴശി റിസർവോയറിനോട് ചേർന്ന് പായം പഞ്ചായത്തിലെ അളപ്രയിൽ വീട് നിർമാണത്തിനായി അപേക്ഷ നൽകിയവരെ ഇവർ ബഫർസോൺ വിഷയം ഉയർത്തിക്കാട്ടി നിരാക്ഷേപ പത്രം നൽകാതെ വട്ടംകറക്കുകയാണ്.
ഉത്തരവ് സർക്കാർ മരവിപ്പിച്ചിട്ടുണ്ടെന്നും ഇതിന്റെ പേരിൽ ആരെയും ബുദ്ധിമുട്ടിക്കരുതെന്നും എംഎൽഎയും ജനപ്രതിനിധികളും താലൂക്ക് വികസന സമിതിയോഗത്തിൽ പഴശി ജലസേചന പദ്ധതി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. എന്നിട്ടും, പല കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ട് നിരാക്ഷേപപത്രം നൽകാതെ നീട്ടിക്കൊണ്ടു പോകുകയാണ്. പായം പഞ്ചായത്തിലെ അളപ്രയിൽ മാവിലെ വീട്ടിൽ എം. സുരേഷ്കുമാർ, വട്ടപ്പാറ മഹേഷ് എന്നിവരാണ് അധികൃതരുടെ പിടിവാശിയിൽ വലയുന്നത്. വീടിന്റെ അടിത്തറയും ചുമരും പൂർത്തിയാക്കി നിരാക്ഷേപ പത്രത്തിനായി പലതവണ ഓഫീസിൽ കയറിയിങ്ങുകയാണ്.
ഇവർ വീട് വയ്ക്കുന്ന സ്ഥലത്ത് പഴശി ജലസേചന വിഭാഗത്തിന്റെ അധീനതയിലുള്ള സ്ഥലം കൈയേറിയിട്ടില്ലെന്ന് താലൂക്ക് സർവെയർ അളന്നു തിട്ടപ്പെടുത്തിയ പ്ലാൻ, സ്കെച്ച് എന്നിവ സഹിതമുള്ള സാക്ഷ്യപത്രവും സമർപ്പിച്ചിരുന്നു. നിരാക്ഷേപ പത്രം നൽകുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കുടുംബം പഴശി ജലസേചന വിഭാഗം ഓഫീസിന് മുന്നിൽ ഒരുമാസം മുന്പ് കുത്തിയിരുപ്പ് സമരവും നടത്തിയിരുന്നു. പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഇടപ്പെട്ട് മന്ത്രിയുമായി സംസാരിച്ച് ഓഗസ്റ്റ് 15നുള്ളിൽ പ്രശ്നത്തിന് തീർപ്പുണ്ടാക്കുമെന്ന് അന്ന് ഉറപ്പുനൽകിയിരുന്നു. മന്ത്രിയുടെ ഉറപ്പിൽ കുടുംബം സമരം നിർത്തിയെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും അനുകൂല നടപടിയുണ്ടായിട്ടില്ല.
പഴശി പദ്ധതി ഭൂമിയുമായി അതിർത്തി പങ്കിടുന്നുണ്ടെങ്കിലും പദ്ധതി പ്രദേശത്തേക്ക് കൈയേറ്റം ഒന്നും ഇല്ലെന്നും ബഫർ സോൺ സംബന്ധിച്ച ഉത്തരവ് മരവിപ്പിച്ചതിനാൽ പ്രസ്തുത അപേക്ഷകർക്ക് നിർമാണ പ്രവർത്തനങ്ങൾക്ക് നിരാക്ഷേപ പത്രം നൽകാമെന്ന് പഴശി ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവ് നിലനിൽക്കേയാണ് പുതിയ വാദവുമായി ജലസേചന വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
ജലസംഭരണ ശേഷി പരിശോധിക്കണമെന്നാണ് ഇപ്പോൾ അപേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിരന്തരമായി ബുദ്ധിമുട്ടിക്കുന്ന അധികൃതരുടെ നടപടിക്കെതിരെ വീണ്ടും സമരത്തിന് ഒരുങ്ങുകയാണ് മഹേഷിന്റെയും സുരേഷിന്റെയും കുടുംബങ്ങൾ.