തെരുവ് നായ്ക്കൾ ഭീഷണിയാകുന്നു; പഞ്ചായത്തിന് പരാതി നല്കി
1568814
Friday, June 20, 2025 4:03 AM IST
ഫോർട്ടുകൊച്ചി: കുന്പളങ്ങിയിൽ റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ വിദ്യാർഥികളടക്കമുള്ളവർക്ക് ഭീഷണിയാകുന്നു.വിദ്യാർഥികളുടെ നേരെ കുരച്ചു കൊണ്ട് ഓടി വന്ന് കുട്ടികൾ റോഡിൽ വീണ് അപകടമുണ്ടാകുന്നതും വാഹനങ്ങൾക്ക് കുറുകെ ഓടി വന്ന് അപകടമുണ്ടാകുന്നതും കുമ്പളങ്ങിയിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ഒന്പതു സ്കൂളുകളുള്ള കുമ്പളങ്ങിയിൽ ആയിരത്തിലേറെ വിദ്യാർഥികളാണ് പഠിക്കാനെത്തുന്നത്. നായ്ക്കളെ വന്ധീകരണം നടത്തി വിദ്യാർഥികളടക്കമുള്ളവരുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരളകോൺഗ്രസ് കുമ്പളങ്ങി മണ്ഡലം പ്രസിഡന്റ് ടെൻസൻ കുറുപ്പശേരിയുടെ നേതൃത്വത്തിൽ കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫിന് പരാതി നല്കി. പ്രധാന അധ്യാപകരും ടീച്ചേഴ്സും ഒപ്പിട്ട പരാതിയാണ് പഞ്ചായത്ത് പ്രസിഡന്റിന് നല്കിയത്.
ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചൻ, നിയോജക മണ്ഡലം സെക്രട്ടറി ഷിജു, മണ്ഡലം സെക്രട്ടറി ജസ്റ്റിൻ തുടങ്ങിയവരും സംബന്ധിച്ചിരുന്നു. പഞ്ചായത്തംഗങ്ങളായ ജോസി വേലിക്കകത്ത്, ജെൻസി ആന്റണി എന്നിവർക്കും പരാതി നല്കി.