പ്രതികൂല കാലാവസ്ഥ: കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ചേലാട് ഇറക്കി
1568830
Friday, June 20, 2025 4:52 AM IST
കോതമംഗലം: ശക്തമായ കാറ്റും കനത്ത മഴയെയും തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ചേലാട് സെന്റ് ഗ്രിഗോറിയോസ് ദന്തല്‍ കോളജ് ഗ്രൗണ്ടില്‍ മുന്‍കരുതല്‍ ലാന്‍ഡിംഗ് നടത്തി.
ഇന്നലെ ഉച്ചയ്ക്ക് 12.40നാണ് ഹെലികോപ്റ്റർ ഇറക്കിയത്. തീരദേശ പട്രോളിംഗ് നടത്തുകയായിരുന്ന കോസ്റ്റ് ഗാര്‍ഡ് (ചേതക്) ഹെലികോപ്റ്റര്‍ തിരികെ മടങ്ങുമ്പോഴാണ് പ്രതികൂല കാലാവസ്ഥ നേരിട്ടത്.
ഇതോടെ കോതമംഗലം ചേലാട് സെന്റ് ഗ്രിഗോറിയസ് ദന്തല്‍ കോളജിലെ ഫുട്ബോള്‍ മൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കുകയായിരുന്നു.
അപ്രതീക്ഷിതമായി ഹെലികോപ്റ്റര്‍ താന്ന് പറന്നതും പറന്നിറങ്ങിയതും പ്രദേശവാസികളിലും കോളജില്‍ ഉണ്ടായിരുന്നവരിലും ആശങ്ക ഉണര്‍ത്തിയെങ്കിലും പിന്നീടാണ് കാര്യം വ്യക്തമായത്.
കാലാവസ്ഥ അനുകൂലമായതോടെ ഹെലികോപ്റ്റര്‍ വീണ്ടും 1.40ഓടെ പറന്നുയര്‍ന്ന് നെടുമ്പാശേരിയിലെ സിജി എയര്‍ എന്‍ക്ലേവില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ഇത് മുന്‍കരുതല്‍ ലാന്‍ഡിംഗ് മാത്രം ആണെന്നും അടിയന്തര ലാന്‍ഡിംഗ് അല്ലെന്നും അധിക്യതര്‍ വ്യക്തമാക്കി.