വായന ദിനാചരണം
1568819
Friday, June 20, 2025 4:42 AM IST
വാഴക്കുളം: ഇൻഫന്റ് ജീസസ് ഹൈസ്കൂളിൽ വായന ദിനാചരണവും പോസ്റ്റർ മത്സരവും നടത്തി. കവിയും എഴുത്തുകാരനുമായ വി.കെ. സുധാകരൻ വായന ദിനാചരണം ഉദ്ഘാടനം ചെയ്തു. പോസ്റ്റർ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും ഇതോടനുബന്ധിച്ച് നടത്തി.
ഇലഞ്ഞി: സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആന്‍ഡ് ജൂണിയർ കോളജിൽ വായന ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽനിന്ന് ഉപയോഗയോഗ്യമായ പുസ്തകങ്ങൾ കൊണ്ടുവന്ന് ക്ലാസ് ലൈബ്രറികൾക്ക് തുടക്കമിട്ടു.
എല്ലാ ക്ലാസിലും രൂപീകൃതമായ ലൈബ്രറികൾ വെള്ളിയാഴ്ചകളിൽ ഓരോ കുട്ടിക്കും പുസ്തകങ്ങൾ കൈമാറും. പരിപാടിയുടെ ഉദ്ഘാടനം അബ്ദുൽ കലാമിന്റെ അഗ്നിച്ചിറകുകളിൽനിന്ന് ഒരു ഭാഗം വായിച്ച് ഫാ. ജോണ്‍ എർണ്യാകുളത്തിൽ ഉദ്ഘാടനം ചെയ്തു. ജോജു ജോസഫ് അധ്യക്ഷത വഹിച്ചു.
ഇലഞ്ഞി: വിസാറ്റ് ആർട്സ് ആന്‍ഡ് സയൻസ് കോളജിന്റെ ആഭിമുഖ്യത്തിൽ വായനദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സിഎംസി സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇലഞ്ഞിയിൽ സ്ഥാപിച്ചിട്ടുള്ള സിസ്റ്റർ മേരി ജോണ്‍ തോട്ടത്തിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കോളജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ ആമുഖ പ്രഭാഷണം നടത്തി. സിസ്റ്റർ സുദീപ സ്മാരകത്തെകുറിച്ചുള്ള വിവരണം നൽകി. കവിയും അധ്യാപകനുമായ ഇലഞ്ഞി മാത്യു സിസ്റ്റർ മേരി ബനീഞ്ജയുടെ ‘ലോകമേ യാത്ര’ എന്ന കവിത ആലപിച്ചു. വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ കെ. ദിലീപ്, എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ കെ.ജെ. അനൂപ്, ഷാജി ആറ്റുപുറം എന്നിവരും ആർട്സ് ആന്‍ഡ് സയൻസ് കോളജിലെ വിദ്യാർഥികളും പുഷ്പാർച്ചന നടത്തി.
വാഴക്കുളം: കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്കൂളിൽ വായന ദിനാചരണം ഭാഷ ക്ലബ് കോ-ഓർഡിനേറ്റർ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനാധ്യാപകൻ ജോസഫ് സക്കറിയാസ് അധ്യക്ഷത വഹിച്ചു. എം.കെ. ബിജു സന്ദേശം നൽകി.
മൂവാറ്റുപുഴ: ബാർ അസോസിയേഷനും അഭിഭാഷകരുടെ കലാ-സാംസ്കാരിക സംഘടനയായ ‘മേളം’വും സംയുക്തമായി വായന ദിനാചരണം സംഘടിപ്പിച്ചു. അഡീഷണൽ ജില്ല ജഡ്ജി കെ.എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു.
അരിക്കുഴ: വായനദിനത്തോടനുബന്ധിച്ച് മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരെ ആദരിച്ച് അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂൾ. സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ അരിക്കുഴ ഉദയ വൈഎംഎ ലൈബ്രറി പ്രസിഡന്റ് സിന്ധു വിജയനേയും സെക്രട്ടറി എം.കെ. അനിലിനെയുമാണ് ആദരിച്ചത്.
വാഴക്കുളം: മണിയന്ത്രം ഗവ. യുപി സ്കൂളിൽ വായനദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയും ഉദ്ഘാടനം ചെയ്തു. പോസ്റ്റർ നിർമാണം, വായന കുറിപ്പ് അവതരണം, പുസ്തക പ്രദർശനം, വായന ക്വിസ് എന്നിവയും നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. ജോസ് അഗസ്റ്റ്യൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനവും വായനദിന സന്ദേശവും നൽകി. പ്രധാനാധ്യാപിക റാണി എസ്. കല്ലടാന്തിയിൽ വായനദിനാചരണത്തിന് നേതൃത്വം നൽകി.
കോതമംഗലം: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ താലൂക്കുതല ഉദ്ഘാടനം നടത്തി. ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി ആന്റണി ജോണ്‍ എംഎൽഎ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് കെ.ഒ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.