തദ്ദേശ തെരഞ്ഞെടുപ്പ് കരട് വോട്ടർപട്ടികയായി
Thursday, July 24, 2025 2:08 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള കരട് പട്ടിക തെരഞ്ഞെടുപ്പു കമ്മീഷൻ പ്രസിദ്ധീകരിച്ചു.
ഓഗസ്റ്റ് ഏഴു വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം. 2025 ജനുവരി ഒന്നിനകം 18 വയസ് പൂർത്തിയായവർക്കാണു പേരു ചേർക്കാൻ സാധിക്കുക. അന്തിമ വോട്ടർപട്ടിക ഓഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക വെബ്സൈറ്റിൽ: sec.kerala.gov.in.
2024ൽ സമ്മറി റിവിഷൻ നടത്തി പുതിയ വാർഡുകളിലേക്ക് ക്രമീകരിച്ചാണ് കരട് പട്ടിക തയാറാക്കിയത്. വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓണ്‍ലൈനായി അപേക്ഷിക്കണം. തുടർന്ന് ഹിയറിംഗ് ലഭിക്കുന്ന തീയതിയിൽ നേരിട്ടു ഹാജരാകണം.
വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നതു സംബന്ധിച്ച ആക്ഷേപങ്ങളും ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ടു നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്കു സമർപ്പിക്കണം. ഓണ്‍ലൈൻ മുഖേനയല്ലാതെ നിർദിഷ്ട ഫോറത്തിലും ഇലക്ഷൻ രജിസ്ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.