ഇഡി അന്വേഷണം: വീണയ്ക്കുൾപ്പെടെ നോട്ടീസ്
Thursday, July 24, 2025 2:08 AM IST
കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടില്‍ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ടി. വീണ ഉള്‍പ്പെടെയുള്ളവര്‍ക്കു ഹൈക്കോടതി നോട്ടീസ്. ബിജെപി നേതാവ് ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
കമ്പനി നിയമപ്രകാരം മാത്രമാണ് എസ്എഫ്ഐഒ അന്വേഷണം നടത്തിയതെന്നും കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കാന്‍ സിബിഐ, ഇഡി ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
തുടര്‍ന്ന് എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവരെക്കൂടി എതിര്‍കക്ഷികളാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. പിന്നാലെ ഹര്‍ജിയില്‍ ഷോണ്‍ ജോര്‍ജ് കക്ഷിചേര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ, സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍, എക്സാലോജിക് സൊലൂഷന്‍സ് എന്നിവരുള്‍പ്പെടെയുള്ള 13 കക്ഷികള്‍ക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഹര്‍ജി ഒരു മാസത്തിനുശേഷം വീണ്ടും പരിഗണിക്കും.