ലഹരി വാങ്ങാന്‍ പണം നല്‍കിയില്ല; മധ്യവയസ്കനെ ആക്രമിച്ച പ്രതികള്‍ അറസ്റ്റില്‍
Thursday, July 24, 2025 2:08 AM IST
കൊയിലാണ്ടി: ലഹരി വാങ്ങാന്‍ പണം കൊടുക്കാത്തതിന് മധ്യവയസ്കനെ അക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍.
കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് കാവുംവട്ടം പറയച്ചാല്‍ മീത്തല്‍ ഇസ്മയിലി (45) നെ കരിങ്കല്ലുക്കൊണ്ട് ആക്രമിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറിക്കുകയും ചെയ്തെന്ന കേസിൽ വിയ്യൂര്‍ സ്വദേശി നവജിത് (24), കോക്കല്ലൂര്‍ പുലച്ചില്ല മലയില്‍ വിഷ്ണു (29) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ഇസ്മയിലിനെ ചൊവ്വാഴ്ച രാത്രിയാണ് പ്രതികള്‍ ആക്രമിച്ചത്.
കൊയിലാണ്ടി പുതിയ ബസ്സ്റ്റാൻഡില്‍നിന്നു റെയില്‍വേ സ്റ്റേഷന് റോഡിലൂടെ പഴയ റെയില്‍വേഗേറ്റ് കടന്ന് മുത്താമ്പി റോഡിലേക്ക് ഇസ്മയില്‍ പോകുന്നതിനിടെ പ്രതികള്‍ ലഹരി ഉപയോഗിക്കുവാനായി പണം ചോദിച്ചു. പണം കൊടുക്കാത്തതിനെത്തുടര്‍ന്ന് കരിങ്കല്ല് ഉപയോഗിച്ച് തലയിലും മുഖത്തും മാരകമായി കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.