കടൽ മണൽ ഖനനം: ടെൻഡറുമായി കേന്ദ്രം മുന്നോട്ട്
Thursday, July 24, 2025 2:08 AM IST
കൊച്ചി: കേരളത്തിന്റെ ആഴക്കടലിൽ കടൽ മണൽ ഖനനം നടത്തുന്നതിനായുള്ള ലേലത്തിന്റെ ടെൻഡർ നടപടികളിൽനിന്നു പിന്നോട്ടില്ലെന്നു കേന്ദ്രസർക്കാർ. ആഴക്കടൽ ഖനന പ്രവർത്തനങ്ങൾക്കെതിരേ രാഷ്ട്രീയപാർട്ടികളും മത്സ്യമേഖലയിലെ സംഘടനകളും ഉയർത്തിയ എതിർപ്പ് അവഗണിക്കുന്നതാണ് കേന്ദ്രത്തിന്റെ നീക്കം.
മത്സരാധിഷ്ഠിത ടെൻഡർ വിളിക്കുന്നതിനുമുന്പു കേരളത്തിലെ തീരദേശ സമൂഹങ്ങളുമായും മത്സ്യത്തൊഴിലാളികളുമായും കൂടിയാലോചന നടത്തിയിട്ടില്ല. അത്തരം കൂടിയാലോചന നടക്കുന്നതുവരെ നിലവിൽ നടന്നുവരുന്ന ടെൻഡർ പ്രക്രിയ റദ്ദാക്കാനോ പരിഷ്കരിക്കാനോ ഉള്ള ആലോചനയില്ലെന്നു കേന്ദ്ര ഖനന വകുപ്പ് മന്ത്രി കിഷൻ റെഡ്ഢി ലോക്സഭയിൽ വ്യക്തമാക്കി.
ലേലത്തിനുള്ള ബ്ലോക്കുകൾ പ്രഖ്യാപിക്കുന്നതിനുമുമ്പ് കേന്ദ്രസർക്കാരിന്റെ ഖനി മന്ത്രാലയം ഫിഷറീസ് വകുപ്പ്, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പ് ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ചിരുന്നു. വിജ്ഞാപനത്തിനുമുമ്പ് ഒരു വകുപ്പും ലേലത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചിരുന്നില്ല.
ഓഫ്ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിനു കീഴിലുള്ള ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ പ്രകാരമാണ് ഇതുസംബന്ധിച്ച് ആശങ്കകളുണ്ടെങ്കിൽ പരിഹരിക്കാൻ ഉദ്ദേശിക്കുന്നതെന്നും ഹൈബി ഈഡൻ എംപിയുടെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
മണൽ ഖനന ബ്ലോക്കുകൾ കണ്ടെത്തി ടെൻഡർ ചെയ്യുന്നതിനുമുമ്പ് സ്വതന്ത്രവും നിഷ്പക്ഷവുമായ പരിസ്ഥിതി ആഘാത വിലയിരുത്തലുകൾ നടത്തണമെന്ന് ഹൈബി ആവശ്യപ്പെട്ടു. കേരളതീരത്ത് നിർദേശിക്കപ്പെട്ടിട്ടുള്ള ആഴക്കടൽ ഖനന പ്രവർത്തനങ്ങൾക്കെതിരേ ഉയർന്നിട്ടുള്ള എതിർപ്പ് പരിഗണിക്കണമെന്നും എംപി ആവശ്യപ്പെട്ടു.