സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു
Thursday, July 24, 2025 2:08 AM IST
കുമളി: അമരാവതി ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിൽ തകർന്ന് വീണു. വൻ അപകടം ഒഴിവായത് തലനാഴികക്ക്. മതിലിനോടൊപ്പം കൂറ്റൻ കാറ്റാടി മരവും കടപുഴകി വീണു.
മതിൽ നിർമാണം പൂർത്തീകരിച്ച് മാസങ്ങൾക്കുള്ളിലാണ് തകർന്നത്. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം മുടക്കി നിർമിച്ച മതിൽ, നിർമാണവേളയിൽത്തന്നെ നാട്ടുകാർ നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയിരുന്നതാണ്. മതിലിനോട് ചേർന്ന് നിന്നിരുന്ന മരമാണ് നിലംപതിച്ചത്.
സ്കൂൾ വിട്ട് വിദ്യാർഥികൾ പോയതിന് തൊട്ടുപിന്നാലെ ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് അപകടം ഉണ്ടായത്. ഒട്ടകത്തലമേട്ടിലേക്കുള്ള റോഡിൽ കൂറ്റൻ കോണ്ക്രീറ്റ് സ്ലാബുകളും സിമന്റ് ഇഷ്ടികകളും പതിച്ചു.
സ്കൂൾ കോന്പൗണ്ടിലേക്കാണ് മരം വീണത്. ഒട്ടകത്തലമേട്ടിലേക്ക് നാട്ടുകാരും വിനോദ സഞ്ചാരികളും പോകുന്ന റോഡിലാണ് അപകടം.
മരങ്ങളുടെ ചുവട്ടിലെ മണ്ണ് നീക്കി അതിന് മുകളിൽ കല്ല് അടുക്കിയാണ് മതിൽ നിർമിച്ചത്. ജെ സിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതോടെ മരങ്ങളുടെ വേരുകൾ നശിച്ച് അപകട ഭീഷണിയായത് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. സ്കൂൾ കോന്പൗണ്ടിന് ചുറ്റിലും കൃഷിയിടങ്ങളിലുമായി നില്ക്കുന്ന മരങ്ങൾ വൻ അപകട ഭീഷണി ഉയർത്തുന്നുണ്ട്.