കൃഷ്ണപിള്ള സ്മാരകത്തിൽനിന്ന് യാത്രാമൊഴി
Thursday, July 24, 2025 2:08 AM IST
ആലപ്പുഴ: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനോട് വിഎസ് വിട പറഞ്ഞു. താന്‍ മുന്‍കൈയെടുത്ത് പണി പൂര്‍ത്തിയാക്കിയ കെട്ടിടം. മഴയെ വെല്ലുന്ന ആവേശത്തിൽ ജനം കണ്ണീരോടെ യാത്രാമൊഴി വിളിക്കുന്നുണ്ടായിരുന്നു.
ഉച്ചകഴിഞ്ഞ് 3.20 നാണ് വിഎസിന്റെ ഭൗതികദേഹവും വഹിച്ചുള്ള ബസ് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് കൃഷ്ണപിള്ള സ്മാരകത്തിനു മുന്നിലേക്കെത്തിയത്. കിലോമീറ്ററുകളോളം നീളത്തില്‍ ജനക്കൂട്ടം. പോലീസും റെഡ് വോളണ്ടിയേഴ്സും ക്രമീകരണങ്ങള്‍ ഒരുക്കിയെങ്കിലും അതിനു പുറത്ത് ജനക്കൂട്ടം കാത്തുനിന്നു.
മന്ത്രിമാര്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ രാവിലെതന്നെ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി കാത്തിരുന്നു. അപ്പോഴും മൃതദേഹം വഹിച്ചുണ്ടുള്ള വിലാപയാത്ര പുന്നപ്രയിലെ വീട്ടിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.
കണ്ണേ കരളേ വിഎസേ വിളികള്‍ ഇടമുറിയാതെ മുഴങ്ങിയപ്പോള്‍ ചിലര്‍ കണ്ണീരണിഞ്ഞു. ഒടുവില്‍ 3.20 ന് വിഎസിന്റെ ഭൗതിക ശരീരം എത്തിയപ്പോള്‍ ജനക്കൂട്ടം അണപൊട്ടി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും ഉള്‍പ്പെടെയുള്ളവര്‍ ജനക്കൂട്ടത്തിലെ തിരക്കിനിടയില്പ്പെട്ടു.
ആവേശ മുദ്രാവാക്യങ്ങളും കണ്ണീരില്‍ ചിലമ്പിച്ച വിഎസേ വിളികളും അന്തരീക്ഷത്തില്‍ മുഴങ്ങിയപ്പോള്‍ പെരുമഴ പെയ്തിറങ്ങി. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട റെഡ് വൊളന്റിയേഴ്സും നേതാക്കളും ഒരു വിധമാണ് ആളുകളെ കടത്തിവിട്ടത്. ഒടുവില്‍ 4.58ന് വിഎസ് ജില്ലാ കമ്മിറ്റി ഓഫിസില്‍നിന്നു പടിയിറങ്ങി.