വ്യാജ ടെലിഗ്രാം അക്കൗണ്ടുകള്‍ക്ക് ‘പണി’ കൊടുത്ത് സൈബര്‍ പോലീസ്
Thursday, July 24, 2025 2:08 AM IST
കോഴിക്കോട്: മെസേജിംഗ് ആപ്പായ ടെലിഗ്രാം അക്കൗണ്ടുകളിൽ ഹാക്കർമാരുടെ നുഴഞ്ഞുകയറ്റം സജീവം. സ്വകാര്യ വിവരങ്ങൾ കൈക്കലാക്കാൻ സ്ലീപ്പർസെല്ലുകൾ പ്രവർത്തിക്കുന്നുമുണ്ട്.
ടെലിഗ്രാം അക്കൗണ്ടുകൾ സജീവമായി ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഹാക്കർമാരെ ഉപയോഗിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുന്നത്. പരിചയക്കാരുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകൾക്ക് സമാനമായി വ്യാജ അക്കൗണ്ടുകളുണ്ടാക്കിയാണ് ഹാക്കർമാർ വിവരങ്ങൾ ശേഖരിക്കുന്നത്.
ടെലിഗ്രാമിൽ വ്യാജ സന്ദേശം കൈമാറുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് സൈബർപോലീസില്‍ എത്തുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് 150 വ്യാജ ടെലിഗ്രാം അക്കൗണ്ടുകളാണ് പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് നിശ്ചലമാക്കിയത്. നിലവിൽ പരമാവധി അക്കൗണ്ടുകൾ ശേഖരിക്കുകയെന്നതാണ് സ്ലീപ്പർസെല്ലുകൾ ലക്ഷ്യമിടുന്നതെന്ന് സൈബർപോലീസ് അറിയിച്ചു.
ടെലിഗ്രാം ഉപയോഗിക്കുന്നവരുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തി അക്കൗണ്ടുടമയുടെ അതേപേരിൽ മറ്റൊരു ഫോൺനമ്പറിൽ അക്കൗണ്ട് ഉണ്ടാക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അവരുടെ സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കു സന്ദേശമയയ്ക്കും.
പരസ്പരം സന്ദേശങ്ങൾ കൈമാറുന്നതിനിടെ വെബ്സൈറ്റിന്റെ ലിങ്ക് അയയ്ക്കും. ഈ ലിങ്ക് തുറക്കുന്നതോടെ തുറന്നയാളുടെ ടെലിഗ്രാം അക്കൗണ്ട് വിവരങ്ങൾ ഹാക്കർമാർക്ക് കിട്ടും.