നായഭീതിയില്‍ പൊതുജനം; അടിയന്തര നടപടി വേണമെന്നു കോടതി
Thursday, July 24, 2025 2:09 AM IST
കൊച്ചി: പൊതുജനം നായ ഭീതിയിലാണെന്നും തെരുവുനായ്ക്കളുടെ ശല്യം മൂലം പുറത്തിറങ്ങി നടക്കാനാകാത്ത അവസ്ഥയാണെന്നും ഹൈക്കോടതി. അടിയന്തരമായി ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്തേ പറ്റൂ.
അല്ലാത്തപക്ഷം കോടതി ഇടപെടലുണ്ടാകുമെന്നും ജസ്റ്റീസ് സി.എസ്. ഡയസ് വ്യക്തമാക്കി. നായകടിയുമായി ബന്ധപ്പെട്ടു നഷ്ടപരിഹാരമടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചു നല്കിയ ഹര്‍ജികളിലാണ് കോടതിയുടെ നിര്‍ദേശം.
രോഗബാധയുള്ള നായ്ക്കളുടെ ദയാവധത്തിന് തീരുമാനമെടുത്ത കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2023ലെ അനിമല്‍ ബര്‍ത്ത് കണ്ട്രോള് ചട്ടപ്രകാരം ഇതിനുള്ള നടപടി ആരംഭിക്കുമെന്നും ചൂണ്ടിക്കാട്ടി. എബിസി ചട്ടപ്രകാരമുള്ള മേല്‍നോട്ട സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് നിര്‍ദേശിച്ച കോടതി ഹര്‍ജികള്‍ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റി. നഷ്ടപരിഹാരം സംബന്ധിച്ച 9,000 അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റീസ് സിരിജഗന് കമ്മിറ്റിയുടെ പ്രവര്‍ത്തനം തുടരാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയിലും ഇതോടൊപ്പം വാദം കേള്‍ക്കും.