ചെറുവത്തൂരിൽ കുന്നിടിഞ്ഞുവീണ് ദേശീയപാത മൂടി; ഗതാഗതം മുടങ്ങി
Thursday, July 24, 2025 2:09 AM IST
ചെറുവത്തൂർ (കാസർഗോഡ്): വീരമലക്കുന്ന് ഇടിഞ്ഞുവീണു ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. വാഹനയാത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതും വൻ ദുരന്തം ഒഴിവായതും.
ഇന്നലെ രാവിലെ 10.10നാണ് നിർമാണത്തിലിരിക്കുന്ന നാലുവരിപ്പാതയും സർവീസ് റോഡും മൂടുന്ന തരത്തിൽ ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി കുന്നിടിച്ച പടിഞ്ഞാറ് ഭാഗത്ത് ചെളിനിറഞ്ഞ ചരൽമണ്ണും പാറക്കഷണങ്ങളും പതിച്ചത്.
പടന്നക്കാട് എസ്എൻടിടിഐയിലെ അധ്യാപിക കാഞ്ഞങ്ങാട് സ്വദേശി സിന്ധു ഹരീഷിന്റെ കാറിനു മുകളിലേക്ക് ചെളിയും ചരൽ മണ്ണും വീണു. അധ്യാപികയുടെ മനഃസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്.
റോഡിലേക്ക് ചരൽമണ്ണ് വീഴുന്നത് കണ്ട ഉടൻ എൻജിൻ ഓഫാക്കി കാർ നിർത്തിയതാണ് അവരെ അപകടത്തിൽനിന്നു രക്ഷിച്ചത്. എങ്കിലും ഇടിഞ്ഞിറങ്ങിയ ചരൽമണ്ണും ചെളിയും ഇവരുടെ കാർ രണ്ടാംപാതയിലേക്ക് നീക്കിക്കൊണ്ടുപോയി.
തുടർന്ന് നാട്ടുകാരും തൃക്കരിപ്പൂർ അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് കാറിൽ കുടുങ്ങിയ അധ്യാപികയെ പുറത്തിറക്കുകയായിരുന്നു. രക്ഷപ്പെട്ട മറ്റൊരാൾ സ്കൂട്ടർ യാത്രികൻ പടന്നക്കാട്ടെ സുധീഷാണ്. കുന്നിടിയുന്നതിനു തൊട്ടുമുമ്പ് ഇയാളുടെ സ്കൂട്ടർ ചെറുവത്തൂർ ഭാഗത്തേക്ക് കടന്നിരുന്നതിനാലാണ് രക്ഷപ്പെടാനായത്.
ഗതാഗതം തടസപ്പെട്ടതിനെത്തുടർന്ന് വാഹനങ്ങളെ മടക്കര കോട്ടപ്പുറം വഴി നീലേശ്വരത്തേക്ക് തിരിച്ചുവിട്ടു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി ഡോ. വിജയഭാരത് റെഡ്ഡി തുടങ്ങിയവർ സ്ഥലത്തെത്തി.