അണികളെ ഞെട്ടിച്ച ഇറങ്ങിപ്പോക്ക്
Thursday, July 24, 2025 2:08 AM IST
ആലപ്പുഴ: വിഎസ് മലയാളിക്ക് കറപുരളാത്ത പോരാട്ടവീര്യത്തിലൂടെ കമ്യൂണിസ്റ്റ് ആശയങ്ങൾക്കായി ജീവൻ ഉഴിഞ്ഞുവച്ച ധീരപോരാളിയായിരുന്നു.
ചെറുപ്പക്കാർ പോലും എത്ര അകലെ നിന്നു വന്നും വിഎസിന്റെ പ്രസംഗം കേൾക്കാൻ കാത്തുനിന്നു. ഏതോ കാന്തികശക്തിയാൽ ആകർഷിക്കപ്പെടുന്നതുപോലെയാണ് പാർട്ടിപ്രവർത്തകർ വിഎസിലേക്കൊഴുകിയത്.
വിഎസ് ഒരിക്കൽ നടത്തിയ ഇറങ്ങിപ്പോക്ക് നേതാക്കളെ മാത്രമല്ല, അണികളെയും ഞെട്ടിച്ചു. അതും ആലപ്പുഴയുടെ വിപ്ലവമണ്ണിൽ. 2015 ഫെബ്രുവരി 21 നായിരുന്നു പാർട്ടിയുടെ സംസ്ഥാന സമ്മേളന വേദിയിൽനിന്ന് പൊടുന്നനേ അദ്ദേഹം ഇറങ്ങിപ്പോയത്.
സമ്മേളനം തുടരവേ വിളിപ്പാടകലെയുള്ള വീട്ടിൽ അസ്വസ്ഥനായി അദ്ദേഹമിരുന്നു. രാഷ്ട്രീ യകേരളത്തിന്റെ ശ്രദ്ധ സമ്മേളനവേദിയിൽനിന്ന് വിഎസിന്റെ വീട്ടിലേക്കായി. മാധ്യമങ്ങളും അവിടെ തമ്പടിച്ചു.
വിഎസ് പാർട്ടി വിടുന്നുവെന്ന തോന്നൽ ശക്തമായി. തന്നെ പാർട്ടിവിരുദ്ധനെന്നു ചിത്രീകരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രമേയം മരവിപ്പിക്കണമെന്നും ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ പാർട്ടിക്കാർക്കെതിരേ നടപടിയെടുക്കണമെന്നുമായിരുന്നു വിഎസിന്റെ ആവശ്യം.
സംസ്ഥാന സമ്മേളന റിപ്പോർട്ടിൽ തനിക്കെതിരേ വിമർശനങ്ങൾ കുത്തിനിറച്ചുവെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി എന്നിവർക്കും വിഎസ് അയച്ച കത്ത് ചോർന്നത് വിവാദത്തിന് എരിവുകൂട്ടി.
ഇതോടെയാണ് സെക്രട്ടേറിയറ്റ് യോഗം ചേർന്ന് വിഎസിനെ പാർട്ടിവിരുദ്ധനായി ചിത്രീകരിച്ച് പ്രമേയം പാസാക്കുകയും പിണറായി അതു പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തത്. ഈ പ്രമേയം കേന്ദ്രനേതൃത്വം ഇടപെട്ട് മരവിപ്പിക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. വിഎസിന്റെ കത്തും പാർട്ടി പ്രമേയവും കേന്ദ്ര നേതൃത്വം ചർച്ച ചെയ്യുമെന്ന് യെച്ചൂരി വിളിച്ചറിയിച്ചു.
സമ്മേളനത്തിനൊടുവിൽ വിഎസിനെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയെങ്കിലും വി എസ് പ്രവർത്തകരുടെ മനസിലും ചിന്തയിലും വിപ്ലവലഹരിയായി തുടർന്നു. രോഗശയ്യയിൽ ആവുന്നതു വരെയും അദ്ദേഹത്തിന്റെ നിലപാടുകളും അതിനായി പുലർത്തിയ പോരാട്ടവും പുതിയ തലമുറയെപ്പോലും ആഴത്തിൽ സ്വാധീനിച്ചിരുന്നു.