പുന്നപ്ര-വയലാർ സമരനായകനു വലിയചുടുകാട്ടിൽ അന്ത്യവിശ്രമം
Thursday, July 24, 2025 2:09 AM IST
സന്ദീപ് സലിം
ആലപ്പുഴ: അലതല്ലിയ ജനസഹസ്രങ്ങൾ സാക്ഷി. കോരിച്ചൊരിഞ്ഞ പെരുമഴയുടെ അകന്പടിയോടെ പുന്നപ്ര-വയലാർ സമരനായകനു വലിയചുടുകാട്ടിൽ അന്ത്യവിശ്രമം.
സമരരക്തസാക്ഷികൾ ഉറങ്ങുന്ന മണ്ണ് ആലപ്പുഴയുടെ പ്രിയപുത്രനെ ഏറ്റുവാങ്ങി. വി.എസ്. അച്യുതാനന്ദൻ ജീവിതകാലം മുഴുവൻ ചുരുട്ടിപ്പിടിച്ചുയർത്തിയ മുഷ്ടിയുടെ കരുത്ത് ഏറ്റുവാങ്ങിയെന്നോണം ആയിരങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾക്കൊപ്പമായിരുന്നു ജന നേതാവിന്റെ മടക്കം. കടപ്പുറത്തെ റിക്രിയേഷൻ മൈതാനം വിറങ്ങലിച്ചുനിന്നു.
നാടിന്റെ നായകന് നിത്യനിദ്ര
ജനങ്ങളുടെ അതിരില്ലാത്ത സ്നേഹവായ്പിൽ, ദുഃഖം ഘനീഭവിച്ച അന്തരീക്ഷത്തിൽ, തിങ്ങിക്കൂടിയ ജനങ്ങളുടെ ആദരാഞ്ജലിക്കു മുന്നിൽ മകൻ വി.എ. അരുൺ കുമാർ വിഎസിന്റെ ചിതയ്ക്കു തീകൊളുത്തി. സ്വന്തം പേരിലുള്ള ഭൂമിയിൽ രാമച്ചവും കൊതുന്പും വിറകുംകൊണ്ടു തീർത്ത ചിതയിൽ എരിഞ്ഞമർന്നത് അടിസ്ഥാനവർഗത്തിന് പുതിയൊരാകാശവും ഭൂമിയും പണിയാൻ ഉഴിഞ്ഞുവച്ച ജീവിതമാണ്.
അന്ത്യവിശ്രമം വലിയചുടുകാട്ടില്‍
ജന്മനാടായ പറവൂരിലെ വേലിക്കകത്ത് വീട്ടിലും സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലും ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടിലും നടന്ന പൊതുദര്‍ശനത്തിനു ശേഷമാണ് ആലപ്പുഴ വലിയചുടുകാട്ടില്‍ വിഎസ് എന്ന വിപ്ലവസൂര്യനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങിയത്.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളും വിഎസിന്റെ സഹപ്രവര്‍ത്തകരുമായിരുന്ന പി. കൃഷ്ണപിള്ള, എം.എന്‍. ഗോവിന്ദന്‍നായര്‍, എസ്. കുമാരന്, സി.കെ. ചന്ദ്രപ്പന്, ആര്. സുഗതന്, ടി.വി. തോമസ്, പി.ടി. പുന്നൂസ്, ജോര്‍ജ് ചടയംമുറി, പി.കെ. ചന്ദ്രാനന്ദന്‍, കെ.ആര്. ഗൗരിയമ്മ, പി.കെ. പത്മനാഭന്, ടി.വി. രമേശ് ചന്ദ്രന്, എം.കെ. സുകുമാരന്‍, സി.ജി. സദാശിവന്, എന്‍. ശ്രീധരന്, വി.എ. സൈമണ്‍ ആശാന്, കെ.സി. ജോര്‍ജ്, വി.കെ. വിശ്വനാഥന്, പി.കെ. കുഞ്ഞച്ചന്, കെ.കെ. കുഞ്ഞന്‍, സി.കെ. കേശവന്, എം.ടി. ചന്ദ്രസേനന്, എസ്. ദാമോദരന്‍ തുടങ്ങിയ കമ്യൂണിസ്റ്റ് നേതാക്കളുടെ ഓര്മകള്ക്കരികിലാണ് വിഎസിനും ചിതയൊരുക്കിയത്.
ജനങ്ങൾ ഒഴുകിയെത്തി
വി.എസ്. അച്യുതാനന്ദനെ അവസാനമായി ഒരുനോക്ക് കാണാന്‍ ആലപ്പുഴ കടപ്പുറത്തേക്ക് ജനങ്ങള്‍ ഒഴുകിയെത്തി.
കമ്യൂണിസ്റ്റ് നേതാക്കളും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരുമടങ്ങുന്ന ജനാവലിയെ സാക്ഷിയാക്കി, നിശ്ചയിച്ചതിലും അഞ്ചു മണിക്കൂറിലേറെ വൈകിയാണ് സംസ്കാരചടങ്ങുകള്‍ നടന്നത്.
വിഎസിന്റെ അന്ത്യയാത്രയ്ക്കു സാക്ഷിയാകാന്‍ എത്തിയവരില്‍ വിവിധ ജില്ലകളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്നു. തലേദിവസം മുതല്‍ ആളുകൾ ആലപ്പുഴയില്‍ എത്തിത്തുടങ്ങിയിരുന്നു.
സംസ്കാരചടങ്ങ് നടന്ന വലിയചുടുകാട്ടിലേക്ക് സിപിഎം നേതാക്കളടക്കം ആയിരത്തോളം പേര്‍ക്കാണ് പ്രവേശനം ഉണ്ടായിരുന്നത്. പുറത്ത് കനത്ത മഴയെയും അവഗണിച്ചു കാത്തുനിന്നത് പതിനായിരങ്ങളാണ്.
തിമിർത്തുപെയ്ത മഴയിൽ...
മഴ തിമിര്ത്തുപെയ്യുന്നതിനിടെയാണ് കടപ്പുറത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് വിലാപയാത്ര കടന്നുവന്നത്. മഴയെ കണക്കിലെടുക്കാതെ വീഥിക്കിരുപുറവും വിഎസിനെ ഒരുനോക്കു കാണാനായി ജനം കാത്തുനിന്നിരുന്നു. “കണ്ണേ കരളേ വീയെസെ, ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല...”എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാല്‍ അന്തരീക്ഷം മുഖരി തമായി.
റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഒരുക്കിയ വിശാലമായ പന്തലിലും വീഥികളിലും ജനം നിറഞ്ഞിരുന്നു. അന്ത്യോപചാരം അര്‍പ്പിക്കൽ ചടങ്ങ് ഇവിടെ മണിക്കൂറുകള്‍ നീണ്ടു. വിലാപയാത്ര വലിയചുടുകാട്ടിലേക്ക് നീങ്ങുമ്പോഴും റിക്രിയേഷന്‍ ഗ്രൗണ്ടിലേക്കുള്ള ആള്‍ക്കാരുടെ ഒഴുക്ക് നിലച്ചിരുന്നില്ല.