വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ച് ചെന്നിത്തല
Thursday, July 24, 2025 2:08 AM IST
ഹരിപ്പാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ഹരിപ്പാടിലൂടെ കടന്നുപോയപ്പോൾ, കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല വഴിയരികിൽ കാത്തുനിന്ന് അന്ത്യാഞ്ജലികൾ അർപ്പിച്ചു. മാധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പോൾ, വിഎസുമായുള്ള തന്റെ ദീർഘകാലത്തെ വ്യക്തിബന്ധം ചെന്നിത്തല ഓർത്തെടുത്തു.
കുട്ടിക്കാലം മുതൽ കണ്ടുപരിചയമുള്ള നേതാവാണ് വിഎസ് എന്നും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിൽ ആയിരുന്നിട്ടും തങ്ങൾക്കിടയിൽ ഊഷ്മളമായ വ്യക്തിപരമായ അടുപ്പം നിലനിന്നിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പുറമേ പരുക്കനാണെന്ന് തോന്നുമെങ്കിലും വിഎസിന് വളരെ ആർദ്രമായ മനസായിരുവെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഒറ്റയ്ക്ക് കാണുമ്പോൾ വിഎസ് പഴയകാല സംഭവങ്ങളും പുന്നപ്ര-വയലാർ സമരകഥകളും തന്നോട് പങ്കുവ്ക്കുമായിരുവെന്ന് ചെന്നിത്തല അനുസ്മരിച്ചു.
ഹരിപ്പാടുമായി വിഎസിന് അടുത്ത വ്യക്തിബന്ധമുണ്ടായിരുവെന്നും അവിടത്തെ ഓരോ വ്യക്തിയെയും അദ്ദേഹത്തിന് നേരിട്ട് അറിയാമായിരുന്നുവെന്നും ചെന്നിത്തല ഓർത്തെടുത്തു. തന്നോട് വിഎസ് എല്ലായ്പ്പോഴും വലിയ സ്നേഹവും താത്പര്യവും കാണിച്ചിരുന്നു വെന്നും അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ താൻ ഇവിടെ ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.