വനംവകുപ്പിലെ പൊതു സ്ഥലംമാറ്റം അട്ടിമറിക്കപ്പെട്ടുവെന്നു പരാതി
Thursday, July 24, 2025 2:08 AM IST
ജോൺസൺ വേങ്ങത്തടം
കൊല്ലം: വനംവകുപ്പിലെ പൊതുസ്ഥലംമാറ്റം വകുപ്പിലെ ഉന്നതസംഘംതന്നെ അട്ടിമറിച്ചുവെന്ന് പരാതി. മേയ് 15നു മുന്പ് ഇറങ്ങേണ്ട സ്ഥലംമാറ്റ ഉത്തരവാണ് അട്ടിമറിക്കപ്പെട്ടതെന്നു പറയുന്നു.
വനം വകുപ്പ് സ്വന്തമായി വികസിപ്പിച്ച സോഫ്റ്റ്വേറും ചട്ടവും പ്രകാരം പുറത്തിറക്കിയ സ്ഥലംമാറ്റ മുൻഗണനാ പട്ടിക അനർഹരെ തിരുകിക്കയറ്റുന്നതും അർഹരായവരെ പട്ടികയ്ക്കു പുറത്താക്കുന്നതുമാണെന്നു ജീവനക്കാരുടെ യൂണിയനുകൾ ആരോപിച്ചു.
മുൻവർഷങ്ങളിൽനിന്നു വിപരീതമായി സ്പാർക്കിനു പകരം സ്വന്തം സോഫ്റ്റ്വേർ നിർമിച്ചാണ് വനം വകുപ്പ് ഈ വർഷം പൊതു സ്ഥലംമാറ്റം നടപ്പാക്കാനൊരുങ്ങിയത്. ഏപ്രിൽ 30ന് പൂർത്തിയാക്കേണ്ട സ്ഥലംമാറ്റം സർക്കാർചട്ടം അംഗീകരിക്കുന്നതിനും സോഫ്റ്റ്വേർ തയാറാക്കുന്നതിനുമുണ്ടായ താമസം കാരണം ജൂണിലാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. അപേക്ഷ ക്ഷണിച്ചപ്പോഴാണു സോഫ്റ്റ്വേറിലെ അപാകതകൾ പലതും ബോധ്യപ്പെട്ടത്. ഈ മാസം ഏഴിനാണ് കരട് മുൻഗണനാ പട്ടിക പുറത്തിറക്കിയത്.
ഈ പട്ടിക വന്നപ്പോഴാണ് അർഹരായ ജീവനക്കാർ എല്ലാവരും തങ്ങൾ മുൻഗണനാ ലിസ്റ്റിനു പുറത്താണ് എന്ന വിവരമറിയുന്നത്. ഹൈറേഞ്ച് മേഖലകളിൽ രണ്ടു വർഷം സേവനം ചെയ്താൽ മൂന്നുവർഷമായി പരിഗണിക്കണമെന്നാണ് ചട്ടം. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ മൂന്നു വർഷത്തിൽ കൂടുതൽ കാലം സേവനം ചെയ്തിട്ടും ജീവനക്കാർക്ക് കരട് ലിസ്റ്റിൽപോലും എത്തിപ്പെടാൻ സാധിച്ചിട്ടില്ല.
അതീവ ദുർഘട പ്രദേശമായ മറയൂർ, കടമാൻപാറ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഒരു വർഷം കഴിയുമ്പോൾ സ്ഥലംമാറ്റത്തിന് അപേക്ഷാനായി ചട്ടത്തിൽ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും സോഫ്റ്റ്വറിലെ അപാകത മൂലം 95 ശതമാനം ജീവനക്കാരും കരടുപട്ടികയ്ക്കു പുറത്താണ്. ഫലത്തിൽ ഒരു വർഷത്തിനുശേഷം സ്ഥലംമാറ്റം ലഭിക്കും എന്നുള്ള ജീവനക്കാരുടെ പ്രതീക്ഷ അസ്ഥാനത്തായി.
ഇഷ്ടക്കാരെ സ്പാർക് മുഖാന്തരം സ്ഥലംമാറ്റുമ്പോൾ തിരികിക്കയറ്റുന്നതിനു പരിധിയുണ്ടെന്നുകണ്ട് ചില സ്ഥാപിത താത്പര്യക്കാർ വനം വകുപ്പിൽ സമ്മർദം ചെലുത്തി പുതിയ ചട്ടമുണ്ടാക്കുകയും വനം വകുപ്പിനു മാത്രമായി പ്രത്യേക സോഫ്റ്റ്വേർ ഉണ്ടാക്കുകയും ചെയ്തതുകൊണ്ടാണ് ജൂലൈ പകുതിയായിട്ടും വനം വകുപ്പിൽ പൊതുസ്ഥലം മാറ്റം നടപ്പാകാത്തതും അർഹരായവർ പടിക്കു പുറത്തായതുമെന്നാണ് ജീവനക്കാരുടെ പരാതി. നിലവിൽ സ്ഥലംമാറ്റത്തിനുപോലും കോടതിയെ സമീപിച്ചാണ് പലരും നീതി തേടുന്നത്.