മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ 50-ാം ചരമവാര്‍ഷികാചരണവും
Thursday, July 24, 2025 2:08 AM IST
കോട്ടയം: ദൈവദാസന് മാര്‍ മാത്യു മാക്കീലിന്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്റെ അന്‍പതാം ചരമവാര്‍ഷികാ ചരണ സമാപനവും 26ന് രാവിലെ 9.30ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും.
സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തിരുക്കർമങ്ങൾക്കു മുന്നോടിയായി തിരി തെളിച്ച് സന്ദേശം നല്‍കും. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധകുർബാനയർപ്പിക്കും.
സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശേരിലും ഗീവര്‍ഗീസ് മാര്‍ അപ്രേമും അതിരൂപതയിലെ വൈദികരും സഹകാർമികരാകും. അതിരൂപതയിലെ സമർപ്പിതരും സംഘടനാ ഭാരവാഹികളും വിവിധ ഇടവകകളെ പ്രതിനിധീകരിച്ചെത്തുന്ന വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കാളികളാകും.
ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനുമായ മാര്‍ മാത്യു മാക്കീലിനെ മേയ് 22നാണ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ ധന്യനായി പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനമെടുത്തത്.
സമുദായത്തില്‍ സ്ത്രീകളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി 1892ലാണ് കൈപ്പുഴയില്‍ സീറോമലബാര്‍ സഭയിലെ തൃതീയ സന്യാസിനീ സമൂഹമായി വിസിറ്റേഷന്‍ കോണ്ഗ്രിഗേഷന് മാര്‍ മാത്യു മാക്കില്‍ സ്ഥാപിച്ചത്.
കോട്ടയം അതിരൂപതയുടെ തൃതീയ മെത്രാനായ മാര്‍ തോമസ് തറയില്‍ ക്നാനായ സമുദായത്തിന്റെ ആധ്യാത്മികവും വിശ്വാസപരവും സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയ്ക്ക് സമര്‍പ്പിതമായ സംഭാവനകള്‍ അര്‍പ്പിച്ചു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനുമാണ്.