കണ്ണീർപ്പുഴയായി...; പ്രിയസഖാവിനെ ഒരുനോക്കുകാണാൻ ജനം ഒഴുകിയെത്തി
Thursday, July 24, 2025 2:08 AM IST
ആലപ്പുഴ: കോരിച്ചൊരിയുന്ന മഴയിലും അവർ കാത്തുനിന്നു. ഉള്ളിൽ വിങ്ങുന്ന സങ്കടത്തെ അടക്കിപ്പിടിച്ച്. പ്രിയസഖാവിനെ ഒരിക്കൽകൂടി കാണണം. ഒരുനൊടിനേരമെങ്കിൽ അത്രയും.
രാവിലെ മുതല്‍ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കടന്നുവരുന്നതും കാത്ത് അതിനാണ് നിറകണ്ണുകളോടെ അവർ കാത്ത് നിന്നത്. ആലപ്പുഴയിൽനിന്നുള്ള എല്ലാ വഴികളും പറവൂരുള്ള വേലിക്കകത്ത് വീട്ടിലേക്കായിരുന്നു. അവിടെയായിരുന്നു സഖാവ് ഓണംപോലുള്ള ചുരുക്കം വിശേഷ ദിവസങ്ങളിലുണ്ടാവുക.
തിരക്കുകള്‍ക്കിടയിലും വേലിക്കകത്ത് വീട്ടിലെത്തി ഓണനാളുകളില്‍ കുടുംബത്തിനൊപ്പം ചെലവഴിക്കുക വിഎസിന്റെ ശീലമായിരുന്നു. ആള്‍ത്തിരക്കില്ലാതെ വിഎസിനെ കാണാന്‍ നാട്ടുകാര്‍ക്ക് കിട്ടുന്ന അവസരമായിരുന്നു ഇത്. പുന്നപ്ര-വയലാര്‍ വാര്‍ഷികത്തിന് എത്തുമ്പോഴും വിഎസ് മുടങ്ങാതെ വേലിക്കകത്ത് വീട്ടില്‍ എത്തിയിരുന്നു.
വിവിധ ജില്ലകളില്‍നിന്ന് എത്തിയ ജനങ്ങളും നാട്ടുകാരും പൊതുപ്രവര്‍ത്തകരും വീട്ടിലേക്കുള്ള വീഥികളില്‍ ഇരുനിരയായി കാത്തു നിന്നിരിന്നു. നിന്നും ഇരിന്നുമാണ് ജനം ക്യൂവില്‍ മണിക്കൂറുകള്‍ തളളിനീക്കിയത്. അണികളെ ആവേശത്തിലാഴ്ത്തിയ വിഎസിന്റെ സംഭാഷണ ശകലങ്ങള്‍ അനൗണ്സ്മെന്റുകള്ക്കിടെ ഇടക്കിടെ ഉയര്‍ന്നു കേട്ടിരിന്നു.12 മണിയോടെയാണ് മൃതദേഹം വേലിക്കകത്ത് വീട്ടിലെത്തിയത്.
വിഎസിന് ആത്മബന്ധം കൂടുതലുള്ള അമ്പലപ്പുഴ, വണ്ടാനം മേഖലകളില്‍ വിലാപയാത്ര വരുന്നതും കാത്ത് വന്‍ ജനാവലി കാത്തുനിന്നിരുന്നു. ഇവിടെ അന്ത്യോപചാരം ഏറ്റുവാങ്ങിയ ശേഷം 12 മണിയോടെ വേലിക്കകത്ത് എത്തിയപ്പോള്‍ പ്രദേശമാകെ ജനനിബിഡമായിരുന്നു.
അണമുറിയാതെയുള്ള ജനപ്രവാഹം നിയന്ത്രിക്കുക ഏറെ ശ്രമകരമായിരുന്നു. ജനത്തിരക്കില്‍ പോലീസിന്റെ ബാരിക്കേഡും തകര്‍ന്നു. കൂടുതല്‍ ആളുകളുടെ കടന്നുവരവ് ഒഴിവാക്കാന്‍ ഇടയ്ക്കിടെ അനൗണ്‍സ്മെന്റുകള്‍ മുഴങ്ങിയെങ്കിലും ഫലമുണ്ടായില്ല.
ആലപ്പുഴ റിക്രിയേഷന്‍ ഗ്രാണ്ടില്‍ കൂടുതല്‍ ആള്‍ക്കാരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആള്ക്കാര് സഹകരിക്കണമെന്നും നേതാക്കള്‍ മൈക്കിലൂടെ അഭ്യര്‍ഥിച്ചെങ്കിലും വി എസിനെ തേടിയെത്തിയവര്‍ പിന്നോട്ടു പോയില്ല. രാവിലെ ഒന്‍പത് മണിക്ക് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലേക്ക് വിലാപയാത്ര പോകുമെന്നാണ് നിശ്ചയിച്ചിരുന്നത്.
എന്നാല്‍ ജനപ്രവാഹത്തില്‍ സമയക്രമം പല തവണ തെറ്റി. ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് ജന്മനാടിനോട് അവസാനമായി വിട ചൊല്ലി മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ജില്ലാ കമ്മറ്റി ഓഫീസിലേക്ക് നീങ്ങിയത്. വിലാപയാത്ര ജില്ലാ കമ്മറ്റി ഓഫീസിലേക്ക് കടന്നുപോകുമ്പോള്‍ മഴയെ കൂസാതെ ജനം വീഥികളില്‍ കാത്തു നിന്നിരുന്നു.