വോട്ടര്‍പട്ടിക ലഭ്യമാക്കാതെ തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്നു പ്രതിപക്ഷ നേതാവ്
Thursday, July 24, 2025 2:08 AM IST
കൊച്ചി: വോട്ടര്‍പട്ടിക ലഭ്യമാക്കാതെ ഭരണസ്വാധീനമുപയോഗിച്ച് തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗവും കൊച്ചി കോര്പറേഷന് മിഷന് 25 യോഗവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു യഥാര്‍ഥ വോട്ടര്‍മാരെ രാഷ്ട്രീയമായി വേര്‍തിരിച്ച് വെട്ടിക്കുറയ്ക്കുന്ന നീക്കം ഒരു കാരണവശാലും അനുവദിക്കില്ല. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് ഏഴു വരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അനുവദിച്ചത്. എന്നാല്‍ ഇന്നലെവരെ വോട്ടര്‍പട്ടിക വിതരണം ചെയ്തില്ല. ഇന്ന് കര്‍ക്കിടകവാവ് അവധികൂടി ആയതിനാല്‍ പട്ടിക വിതരണം നീളുകയാണ്.
15 ദിവസ സമയപരിധിയ്ക്കകം 2020 മുതല്‍ 2025വരെയുള്ള വോട്ടര്‍മാരെ ചേര്‍ക്കുകയും മരിച്ചവരുടെയും താമസം മാറിയവരുടെയും പേരുകള്‍ നീക്കം ചെയ്യുകയും വേണം. കോര്‍പറേഷനില്‍ ഏകദേശം ഓരോ ഡിവിഷനിലും ആയിരത്തിലേറെ വോട്ടുകളാണ് കൂട്ടിച്ചേര്‍ക്കാനുള്ളത്.
പഞ്ചായത്തുകളിൽ ഇരുനൂറോളം കൂട്ടിച്ചേര്‍ക്കാനും അത്രതന്നെ ഒഴിവാക്കാനുമുണ്ട്. എന്നാല്‍ പട്ടിക ലഭ്യമാകാതെ വോട്ടര്‍മാരെ ചേര്‍ക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിനുപിന്നില്‍ ശക്തമായ ഭരണവിരുദ്ധ വികാരം തിരിച്ചടിയാകുമെന്ന സിപിഎമ്മിന്റെ ഭയമാണ്.
വോട്ടര്‍പട്ടിക സമയത്തു ലഭ്യമാക്കാത്തതടക്കമുള്ള പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.