മുന്നറിയിപ്പ് അവഗണിച്ചു; ദുരന്തഭീതിയിൽ വീരമലയുടെ താഴ്വാരം
Thursday, July 24, 2025 2:08 AM IST
ചെറുവത്തൂർ: നാട്ടുകാരുടെയും പരിസ്ഥിതിപ്രവർത്തകരുടെയും മുന്നറിയിപ്പുകൾക്ക് വിലകല്പിക്കാത്തതിന്റെ അനന്തര ഫലമാണ് ചെറുവത്തൂരിലെ വീരമലക്കുന്നിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന ആരോപണമാണ് വ്യാപകമായി ഉയരുന്നത്.
പരിസ്ഥിതി ആഘാതപഠനമില്ലാത്തതും മറ്റു സംസ്ഥാനങ്ങളിലുള്ള മണ്ണിന്റെ ഘടനയിൽനിന്നു വ്യത്യസ്തമായ നമ്മുടെ മണ്ണിനെ നിർമാണത്തിന് നേതൃത്വം നൽകുന്നവർക്ക് തിരിച്ചറിയാനാകാത്തതുമാണ് കുന്നിടിഞ്ഞ് ദേശീയപാത നിർമാണസ്ഥലത്തേക്ക് അപ്പാടെ പതിച്ചതിന് പിന്നിൽ. ചെറുവത്തൂരിലെ വീരമലക്കുന്നും മട്ടലായികുന്നും യന്ത്രക്കൈകൾ ഉപയോഗിച്ച് ഇടിച്ചു നിരത്തിയവർ കണക്കുകൂട്ടിയ രീതിയിലല്ല കാര്യങ്ങൾ നീങ്ങിയത്.
കുന്നുകളിൽ കടന്നുകയറി അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്തതിന്റെ പരിണത ഫലം ഒന്നര മാസം മുമ്പ് കാലം തെറ്റി വന്ന ആദ്യ മഴയിൽതന്നെ രണ്ടു സ്ഥലങ്ങളിലും പ്രദേശത്തുകാർ അനുഭവിച്ചു. മട്ടലായിയിൽ കുത്തിയിടിച്ച കുന്നിന് താഴെ ദേശീയപാതാ നിർമാണത്തിലേർപ്പെട്ട തൊഴിലാളികൾക്കു മേൽ പതിച്ചത് മേയ് 12നായിരുന്നു. ഒരു തൊഴിലാളി മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉൾപ്പെടെ ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായ വിവിധ വകുപ്പു മേധാവികളും സ്ഥലത്തെത്തി നിർമാണം നിർത്തി വയ്പിച്ചിരുന്നു. എന്നാൽ വീരമലക്കുന്നിനു താഴെ അരിക് നിർമാണവും മറ്റും സജീവമായി നടന്നു വരുന്നതിനിടെയാണ് വാഹനത്തിലേക്ക് ഉൾപ്പെടെ റോഡ് മൂടുന്ന തരത്തിൽ ചരൽ മണ്ണും കല്ലുകളും ഇടിഞ്ഞുവീണത്.
ദേശീയപാത നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടെ അപകടസൂചനയ്ക്കും പിന്നീട് പ്രക്ഷോഭത്തിനും നാട്ടുകാർ നേതൃത്വം നൽകിയിരുന്നുവെങ്കിലും ഒറ്റപ്പെട്ട സമരങ്ങൾ അധികൃതരുടെ കണ്ണുതുറപ്പിക്കാനായില്ലെന്ന് നാട്ടുകാർ പറയുന്നു.