ഫോറന്‍സിക് ലാബില്‍നിന്നു ഫലം ലഭിച്ചില്ല; സംസ്ഥാനത്ത് 529 ലഹരിമരുന്ന് കേസുകളുടെ വിചാരണ വൈകുന്നു
Thursday, July 24, 2025 2:08 AM IST
കൊച്ചി: ഫോറന്‍സിക് ലബോറട്ടറിയില്‍നിന്നു സാമ്പിള്‍ പരിശോധനാഫലം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്ത് 529 ലഹരിമരുന്ന് കേസുകളുടെ വിചാരണ വൈകുന്നു.
ഹൈക്കോടതി നിര്‍ദേശപ്രകാരം വിവിധ കോടതികളില്‍നിന്നു രജിസ്ട്രി ശേഖരിച്ച കണക്കുകളിലാണ് ഈ വിവരമുള്ളത്. വിചാരണ വൈകുന്നത് കുറ്റവാളികള്‍ക്കു ജാമ്യം ലഭിക്കാനും കുറ്റം ആവര്‍ത്തിക്കാനും കാരണമായേക്കുമെന്ന് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിലയിരുത്തി.
ഫോറന്‍സിക് ലാബുകളില്‍ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ പരിഹരിക്കുന്നതിന് സര്‍ക്കാരും പിഎസ്സിയും ഉടന്‍ സംയുക്ത യോഗം വിളിക്കണമെന്നും സ്വീകരിച്ച നടപടികള്‍ അടുത്തതവണ കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഫോറന്‍സിക് ലാബുകളിലെ ഒഴിവുകളുടെ എണ്ണം അറിയിക്കാനും വിഷയത്തില്‍ സര്‍ക്കാരും പിഎസ്സിയും ആശയവിനിമയം നടത്താനും ഈ മാസം മൂന്നിന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കോടതികളില്‍ കെട്ടിക്കിടക്കുന്ന ലഹരിക്കേസുകളുടെ എണ്ണം അറിയിക്കാനും ആവശ്യപ്പെട്ടു. ഇതുപ്രകാരം കേസുകളുടെ എണ്ണം രജിസ്ട്രി അറിയിച്ചെങ്കിലും ഒഴിവുകളുടെ എണ്ണം കൃത്യമായി അറിയിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല.
പിഎസ്സിയുമായി ആശയവിനിമയവും ഉണ്ടായില്ല. ലാബുകളിലെ മിക്കവാറും ഒഴിവുകളും നികത്തിയെന്നും ശേഷിക്കുന്നവ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്തെന്നുമാണ് സര്‍ക്കാരിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജി അറിയിച്ചത്. തുടര്‍ന്നാണു സംയുക്തയോഗം ചേരാന്‍ കോടതി ആവശ്യപ്പെട്ടത്.
സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കാത്തതു പോക്സോ കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെല്‍സ നല്കിയ ഹര്‍ജിയിലാണു ഫോറന്‍സിക് ലാബ് ജീവനക്കാരില്ലാത്ത വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടത്.