ചെങ്കനലിനു മഹാനിദ്ര
Thursday, July 24, 2025 2:09 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലെ വേലിക്കകത്തു വീട്ടിലേക്കു വന്നെത്താൻ വി.എസ്. അച്യുതാനന്ദനു വേണ്ടിവന്നത് ശരാശരി മൂന്നു-മൂന്നര മണിക്കൂർ. എന്നാൽ, ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽനിന്ന് ആലപ്പുഴ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലേക്കുള്ള വിഎസിന്റെ അന്ത്യയാത്ര 22 മണിക്കൂർ നീണ്ടു. പിന്നീട് ജില്ലാ കമ്മിറ്റി ഓഫീസിലേക്കും പൊതുദർശനം നടന്ന റിക്രിയേഷൻ ക്ലബ്ബിലേക്കും എത്താൻ വീണ്ടും മണിക്കൂറുകൾ ഏറെയെടുത്തു.
വിഎസിന്റെ അവസാനയാത്ര കണ്ടവരുടെയെല്ലാം മനസിലേക്ക് ഓടിയെത്തിയത് രണ്ടു വർഷം മുന്‍പ് ഇതുപോലെ ഒരു ജൂലൈയിൽ തിരുവനന്തപുരത്തുനിന്ന് എംസി റോഡ് വഴി കോട്ടയത്തേക്കു പോയ മറ്റൊരു വിലാപയാത്രയായിരുന്നു. അത് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രയായിരുന്നു.
സിപിഎം കൃത്യമായ മാർഗരേഖ തയാറാക്കിയാണു വിഎസിന്റെ വിലാപയാത്ര ക്രമീകരിച്ചത്. ദേശീയപാതയിലെ നിശ്ചയിച്ച പോയിന്റുകളിൽ പ്രവർത്തകരും നാട്ടുകാരും എത്തി അന്ത്യോപചാരമർപ്പിക്കാൻ അവസരമൊരുക്കണമെന്നായിരുന്നു പാർട്ടി നിർദേശം. എന്നാൽ, പ്രിയനേതാവിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ ആയിരങ്ങൾ റോഡിന് ഇരുവശവും തിങ്ങിക്കൂടിയതോടെ തുടക്കത്തിൽ തന്നെ സമയക്രമം തെറ്റി.
ജനകീയ നേതാക്കളുടെ ഭൗതികദേഹവും വഹിച്ചു കൊണ്ടുള്ള നിരവധി വിലാപയാത്രകൾ കേരളം കണ്ടിട്ടുണ്ട്. ലക്ഷക്കണക്കിനാളുകൾ പ്രിയ നേതാക്കൾക്ക് ആദരാഞ്ജലി അർപ്പിക്കാനെത്തുന്പോൾ ഈ യാത്രകൾ പലപ്പോഴും മണിക്കൂറുകൾ നീളും. ഇതിൽ ഇന്നും തെളിഞ്ഞു നിൽക്കുന്നത് ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയാണ്.
2023 ജൂലൈ 19നു രാവിലെ 7.15നു ജഗതിയിലെ പുതുപ്പള്ളി ഹൗസിൽനിന്നു പുറപ്പെട്ട വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനത്ത് എത്തിച്ചേർന്നത് 28 മണിക്കൂറിനു ശേഷമായിരുന്നു. തിരുവനന്തപുരം മുതൽ കോട്ടയം വരെയും പിന്നീട് അവിടെനിന്ന് പുതുപ്പള്ളിവരെയും വീഥികൾക്കിരുവശവും മനുഷ്യക്കോട്ടയായിരുന്നു. തിരുവനന്തപുരത്തുനിന്ന് പുതുപ്പള്ളിയിൽ വിലാപയാത്രയെത്താൻ വേണ്ടിവന്നത് 37.5 മണിക്കൂർ.
കേരള കോണ്‍ഗ്രസ് നേതാവ് കെ.എം. മാണിയുടെ അന്ത്യയാത്രയും ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച കെ.എം. മാണിയുടെ യാത്ര 21 മണിക്കൂറിലേറെ നീണ്ടു.
എറണാകുളത്തുനിന്ന് കോട്ടയത്തേക്കും അവിടെനിന്നു പാലായിലേക്കുമായിരുന്നു കെ.എം. മാണിയുടെ അന്ത്യയാത്ര. 2019 ഏപ്രിൽ ഒന്‍പതിനായിരുന്നു കെ.എം. മാണി വിടപറഞ്ഞത്.
കോണ്‍ഗ്രസിന്റെ കരുത്തനായ മുഖ്യമന്ത്രിയായിരുന്ന ലീഡർ കെ. കരുണാകരന്റെ അന്ത്യയാത്ര തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കായിരുന്നു.
2010 ഡിസംബറിൽ അന്തരിച്ച കെ. കരുണാകരന്റെ മൃതദേഹം നന്ദൻകോടുള്ള വസതിയിലും കെപിസിസി ആസ്ഥാനത്തും സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും പൊതുദർശനത്തിനു വച്ച ശേഷമാണ് ലക്ഷക്കണക്കിനാളുകളുടെ സ്നേഹാദരം ഏറ്റുവാങ്ങിക്കൊണ്ട് തൃശൂരിലേക്കു പുറപ്പെട്ടത്.
സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടേതായിരുന്നു സമീപകാല ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അന്ത്യയാത്ര. ജനലക്ഷങ്ങളുടെ അന്ത്യോപചാരം ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തുനിന്നു കണ്ണൂർ പയ്യാന്പലം ബീച്ചിലേക്കു വിലാപയാത്ര നീങ്ങിയത്.
2004 മേയ് 19ന് അന്തരിച്ച നായനാരുടെ മൃതദേഹം രണ്ടു ദിവസം നീണ്ട യാത്രയ്ക്ക് ഒടുവിലാണ് കണ്ണൂർ പയ്യാന്പലം ബീച്ചിൽ എത്തിയത്.
മുൻമുഖ്യമന്ത്രി പി.കെ.വാസുദേവൻനായരുടെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നു പെരുന്പാവൂരിലേക്കായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ 2012 മാർച്ച് 22ന് അന്തരിച്ച സി.കെ. ചന്ദ്രപ്പന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള യാത്ര തിരുവനന്തപുരത്തുനിന്നു ചേർത്തലയിലെ കുടുംബ വീട്ടിലേക്കും തിരികെ ആലപ്പുഴ വലിയ ചുടുകാട്ടിലേക്കുമായിരുന്നു.
സിപിഐയുടെ സമുന്നത നേതാക്കളും മുൻ മന്ത്രിമാരുമായിരുന്ന എം.എൻ. ഗോവിന്ദൻനായരും ടി.വി. തോമസും ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ടി.വി. തോമസ് 1977 മാർച്ച് 26 നും എം.എൻ. 1984 നവംബർ 27 നുമായിരുന്നു യാത്രയായത്. പതിനായിരങ്ങൾ പങ്കെടുത്ത തിരുവനന്തപുരത്തു നിന്ന് ആലപ്പുഴയിലേക്കുള്ള വിലാപയാത്ര പഴമക്കാർ ഇന്നും ഓർത്തെടുക്കുന്നു.
എ.കെ. ഗോപാലൻ എന്ന എ.കെ.ജിയുടെ വിലാപയാത്ര അക്കാലത്തെ മഹാസംഭവമായിരുന്നു. 1977 മാർച്ച് 22ന് അന്തരിച്ച അദ്ദേഹത്തിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കായിരുന്നു. പാവങ്ങളുടെ പടത്തലവനായിരുന്ന എകെജിയെ ഒരു നോക്കു കാണാൻ ആയിരങ്ങളാണ് വഴികളിലെല്ലാം തിങ്ങിക്കൂടിയത്.
തിരുവനന്തപുരത്തു നിന്ന് കൊല്ലം, ആലപ്പുഴ, എറണാകുളം വഴിയാണ് വിലാപയാത്ര കണ്ണൂരിലെത്തിയത്. കേരളത്തിലെ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ആദ്യ ലോക്സഭാ പ്രതിപക്ഷ നേതാവു കൂടിയായിരുന്ന എകെജിയുടെ അന്ത്യം.
കേരളത്തെ ഞെട്ടിക്കുകയും കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുകയും ചെയ്ത മരണമായിരുന്നു മുൻ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവുമായിരുന്ന പി.ടി. ചാക്കോയുടേത്. ആഭ്യന്തര മന്ത്രിപദം ഒഴിഞ്ഞ് അഭിഭാഷക വൃത്തിയിൽ സജീവമായ കാലത്താണ് പി.ടി. ചാക്കോയുടെ അന്ത്യം.
49-ാം വയസിലായിരുന്നു ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗമുണ്ടാകുന്നത്. കുറ്റ്യാടിക്കടുത്ത് കാവിലംപാറയിൽ ഒരു കേസുമായി ബന്ധപ്പെട്ട സ്ഥലം പരിശോധനയ്ക്കിടെയാണ് പി.ടി. ചാക്കോയ്ക്ക് ഹൃദയാഘാതമുണ്ടായത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 1964 ഓഗസ്റ്റ് ഒന്നിന് അന്തരിച്ചു. അടുത്ത ദിവസം കോഴിക്കോട്ടുനിന്നു വിലാപയാത്രയായി കോട്ടയത്തേക്ക്. തിരുനക്കര മൈതാനിയിലെ പൊതുദർശനത്തിൽ പി.ടി. ചാക്കോയെ കാണാൻ കോട്ടയം നഗരത്തിനു താങ്ങാനാകാത്ത ജനക്കൂട്ടമെത്തി.
വാഴൂർ ചാമംപതാൽ എളങ്ങോയി പള്ളിയിലേക്കു മൃതദേഹവുമായുള്ള വിലാപയാത്ര എത്തുന്പോഴും വഴിയോരങ്ങളിലും പള്ളി പരിസരത്തും കാത്തുനിന്നതു പതിനായിരങ്ങളായിരുന്നു. ആ മരണവും തുടർന്നുണ്ടായ സംഭവവികാസങ്ങളും കോണ്‍ഗ്രസിലെ പിളർപ്പിലും കേരള കോണ്‍ഗ്രസിന്റെ പിറവിയിലുമാണു കലാശിച്ചത്.