45 ദിവസമായി സ്കൂള്‍ വെള്ളക്കെട്ടില്‍: ചീഫ് ജസ്റ്റീസിന് കത്തെഴുതി പ്രിന്‍സിപ്പല്‍; സ്വമേധയാ ഇടപെട്ടു ഹൈക്കോടതി
Thursday, July 24, 2025 2:08 AM IST
കൊച്ചി: സ്കൂൾ 45 ദിവസത്തോളമായി വെള്ളക്കെട്ടിലാണെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ കുട്ടമംഗലം എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിൻസിപ്പല്‍ എഴുതിയ കത്തില്‍ സ്വമേധയാ ഇടപെട്ടു ഹൈക്കോടതി.
പ്രശ്നപരിഹാരത്തിനു ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ക്കു നിര്‍ദേശം നല്കി. സ്വീകരിച്ച നടപടികള്‍ ഈ മാസം 31ന് അറിയിക്കണമെന്നും നിര്‍ദേശിച്ചു.
വിഷയത്തില്‍ കോടതിയെ സഹായിക്കാനായി അമിക്കസ് ക്യൂറിയെയും നിയോഗിച്ചു. ആലപ്പുഴ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയോടു നിലവിലെ സ്ഥിതി അന്വേഷിച്ച് അറിയിക്കാനും നിര്‍ദേശമുണ്ട്.
പ്രിന്‍സിപ്പല്‍ ബി.ആര്. ബിന്ദുവാണ് സ്കൂളിന്റെയും സ്കൂള്‍ സ്ഥിതിചെയ്യുന്ന കുട്ടനാട് കൈനകരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെയും ദുരവസ്ഥ വിവരിച്ചു ഹൈക്കോടതിയിലേക്ക് കത്തയച്ചത്.
മേയ് 29ന് ബണ്ട് തകര്‍ന്നതിനെത്തുടര്‍ന്നാണ് മൂന്നാം വാര്‍ഡും സ്കൂളും വെള്ളത്തിലായത്. ഇതോടെ വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങി. കടല്‍നിരപ്പിനു താഴെയായതിനാല്‍ ഈ മേഖലയില്‍ വെള്ളക്കെട്ടിനുള്ള സാധ്യത ഏറെയാണ്.
വെള്ളക്കെട്ട് പൊതുജനാരോഗ്യത്തെയടക്കം ബാധിക്കുന്ന സ്ഥിതിയാണ്. ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി ഇടപെട്ടിട്ടും പ്രശ്നപരിഹാരത്തിനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. അഞ്ചു മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. 90 വര്‍ഷം പഴക്കമുള്ളതാണ് സ്കൂള്‍.
20 ക്ലാസ് മുറികള്‍ ജനല്പ്പടിവരെ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കംപ്യൂട്ടര്‍ ലാബും ലൈബ്രറിയുമടക്കം നാലു മുറികളാണ് വെള്ളം കയറാതെയുള്ളത്. ഉച്ചവരെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കുമായി ഇവിടെ ക്ലാസ് നടത്തുകയാണിപ്പോഴെന്നും കത്തില്‍ സൂചിപ്പിക്കുന്നു.