ധന്യൻ ജോസഫ് വിതയത്തിലച്ചന്റെ അനുസ്മരണത്തിന് ആയിരങ്ങൾ
Thursday, July 24, 2025 2:08 AM IST
കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യ-ധന്യൻ ജോസഫ് വിതയത്തിൽ തീർഥാടനകേന്ദ്രത്തിൽ വിതയത്തിൽ പിതാവിന്റെ അനുസ്മരണ ചടങ്ങുകൾക്ക് ആയിരങ്ങളെത്തി.
പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ തിരുക്കർമങ്ങളിൽ മുഖ്യകാർമികനായിരുന്നു.ആഘോഷമായ സമൂഹബലി, പ്രത്യേക പ്രാർഥനാശുശ്രൂഷകൾ എന്നിവയെതുടർന്ന് ശ്രാദ്ധ ഊട്ട് വിതരണവും നടന്നു. സമൂഹത്തിന്റെ നാനാതുറകളിൽനിന്നുമായി ആയിരങ്ങൾ തിരുക്കർമങ്ങളിലും ശ്രാദ്ധ ഊട്ടിലും പങ്കെടുത്തു.
തിരുക്കർമങ്ങളിൽ പങ്കെടുക്കുന്നതിന് എത്തിച്ചേർന്ന തീർഥാടകരെ ഹോളിഫാമിലി സന്യാസിനീസമൂഹത്തിന്റെ സുപ്പീരിയർ ജനറൽ മദർ ആനി കുര്യാക്കോസ് സ്വാഗതംചെയ്തു. തീർഥാടനകേന്ദ്രം റെക്ടർ ഫാ. ജോൺ കവലക്കാട്ട് നന്ദി പറഞ്ഞു.
പുതുതായി പണിതീർത്ത ഓഡിയോ വിഷ്വൽ സംവിധാനങ്ങളുടെ ഉദ്ഘാടനം മാർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. വിശുദ്ധ മറിയം ത്രേസ്യയെക്കുറിച്ചും വിതയത്തിൽപിതാവിനെക്കുറിച്ചുമുള്ള വിവിധ കൃതികളുടെ പ്രകാശനവും തീർഥാടനകേന്ദ്രത്തിൽ നടന്നു.