കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗം: സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്തണമെന്ന് ഹൈക്കോടതി
Thursday, July 24, 2025 2:09 AM IST
കൊച്ചി: കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗം തടയുന്നതിന് സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ശക്തിപ്പെടുത്തണമെന്നു ഹൈക്കോടതി. ഇപ്പോള്‍ സന്നദ്ധസംഘമായി പ്രവര്‍ത്തിക്കുന്ന സമിതികളെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി ഔപചാരികമാക്കണം.
14 വര്‍ഷം മുമ്പ് നിർദേശിക്കപ്പെട്ട രൂപഘടനയാണു സമിതിക്ക് ഇപ്പോഴുമുള്ളത്. കേസുകളുടെ എണ്ണം കൂടുകയാണ്. അതിനാല്‍ താഴേത്തട്ടില്‍ ജാഗ്രത ഉറപ്പാക്കുന്ന സമിതിക്ക് നിയമപരമായ പിന്തുണ വേണം. സര്‍ക്കാര്‍ വിഷയം ഗൗരവമായെടുക്കണമെന്നും കോടതി നിർദേശിച്ചു.
കോടതിനിര്‍ദേശം ചീഫ് സെക്രട്ടറിയെ അറിയിച്ച് ഉചിതമായ നപടികളെടുക്കണം. സ്വീകരിക്കുന്ന നടപടികള്‍ അറിയിച്ച് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയും വേണം. കുട്ടികളിലെ ലഹരി ഉപയോഗം തടയാന്‍ സമഗ്ര മാര്‍ഗരേഖയ്ക്കാണ് ഒരുങ്ങുന്നത്. ആദ്യപടിയായി കൊച്ചി സിറ്റിയിലെ ലഹരിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ കോടതിയില്‍ ഹാജരായി വിശദീകരിച്ചു. ഓപ്പറേഷന് ഡി- ഹണ്ട് ഫെബ്രുവരി മുതല്‍ ശക്തിപ്പെടുത്തി. കൊച്ചിയില്‍ 300 സ്കൂളുകളില്‍ സുരക്ഷാ സമിതികള്‍ സജ്ജമാക്കി.
ഉണര്‍വ്, യോദ്ധ, ഉദയം പദ്ധതികള്‍ നല്ലനിലയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു. കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാന്‍ നടപടി വേണമെന്നാവശ്യപ്പെട്ടു നല്കിയ പൊതുതാത്പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.