പാറത്തോട്ടിൽ പട്ടാപ്പകൽ രണ്ടര പവൻ മാല കവർന്നു
1577764
Monday, July 21, 2025 11:22 PM IST
കാഞ്ഞിരപ്പള്ളി: പാറത്തോട്ടിൽ പട്ടാപ്പകൽ മോഷണം. വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തുകടന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന രണ്ടര പവൻ മാല കവർന്നു. ഇടക്കുന്നം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കുളപ്പുറം ഒന്നാംമൈൽ മുണ്ടപ്ലാക്കൽ മാത്തുക്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
മാത്തുക്കുട്ടിയും ഭാര്യ മോളി മാത്യുവും ഇരുപത്താറാം മൈലിലെ ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പുറകുവശത്തെ രണ്ടു വാതിലുകൾ ചവിട്ടിത്തുറന്ന മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന രണ്ടര പവന്റെ മാലയും കുരിശും അപഹരിക്കുകയായിരുന്നു.
11.20ഓടെയാണ് ഇവർ ആശുപത്രിയിൽ പോയത്. തിരികെ ഉച്ചയ്ക്ക് 1.15ഓടെ വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരയിലെ വസ്ത്രങ്ങളാകെ വലിച്ചുവാരി നിലത്തിട്ട നിലയിലാണ്. അലമാരയിലുണ്ടായിരുന്ന ഫാൻസി ആഭരണങ്ങളും നഷ്ടപ്പെട്ടു.
കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ വീടുകളിലെ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം.