അല്‍ഫോന്‍സാമ്മ സഹനങ്ങളെ വിശുദ്ധിയിലേക്കുള്ള പുഷ്പങ്ങളാക്കി: മാര്‍ മാത്യു മൂലക്കാട്ട്
1577501
Sunday, July 20, 2025 10:57 PM IST
ഭരണങ്ങാനം: തന്റെ ജീവിതംകൊണ്ടു വിശുദ്ധിയുടെ പരിമളം നിരന്തരം പരത്തിയ അല്‍ഫോന്‍സാമ്മ സഹന പാതകളില്‍ വിരിഞ്ഞ ഒരു മനോഹര പുഷ്പമാണെന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്.അൽഫോൻസാ തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
അല്‍ഫോന്‍സാമ്മ സഹനങ്ങളെ വിശുദ്ധിയിലേക്കുള്ള പുഷ്പങ്ങളാക്കി മാറ്റിയതുപോലെ നമ്മുടെ ജീവിതത്തില്‍ ദൈവം നല്കുന്ന ക്ലേശങ്ങളെ സന്തോഷത്തോടെ സ്വീകരിച്ച് അവയില്‍ നിന്ന് ശക്തി പ്രാപിച്ചു ദൈവ മഹത്വത്തിനായി ജീവിക്കാന്‍ നമ്മള് ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.
തിരുനാളിനോടനുബന്ധിച്ച് ഫാ. മാത്യു കുറ്റിയാനിക്കല്‍, ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍ , ഫാ. ജേക്കബ് വടക്കേല്‍, ഫാ. പയസ് മലേക്കണ്ടം, ഫാ. മാത്യു പുന്നത്താനത്തുകുന്നേല്, രൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. തോമസ് ഓലായത്തില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചു.
വൈകുന്നേരം 4.30 ന് റംശാ പ്രാര്‍ഥനയ്ക്ക് ഫാ. ജയിംസ് പനച്ചിക്കല്‍ കരോട്ടും 6.15ന് ജപമാല പ്രദക്ഷിണത്തിന് ഫാ.ആന്റണി വില്ലന്താനവും കാര്‍മികത്വം വഹിച്ചു.
ഫാ. ബാബു കാക്കാനിയില്‍ ഹിന്ദിയിലും ഫാ. ജോർജ് ചീരാംകുഴിയില്‍ ഇംഗ്ലീഷിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കേരളത്തിലെ അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനായി എസ്വിഡി സഭ നടത്തുന്ന സര്‍വസേവ സംഘ് ഡയറക്ടര്‍ ഫാ. ബാബു കാക്കാനിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളി കൂട്ടായ്മയും നടന്നു.
യുവജന കൂട്ടായ്മയും
ജപമാല പ്രദക്ഷിണവും
ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ ഭാഗമായി പാലാ രൂപത എസ്എംവൈഎം, ജീസസ് യൂത്ത് എന്നിവയുടെ നേതൃത്വത്തില്‍ അല്‍ഫോന്‍സാ തിര്‍ഥാടനം നടത്തി.
ഡയറക്ടര്‍മാരായ ഫാ. മാണി കൊഴുപ്പംകുറ്റിയും ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളിയും കൂട്ടായ്മയ്ക്ക് നേതൃത്വം നല്കി. നൂറുകണക്കിനു യുവജനങ്ങൾ കൂട്ടായ്മയിലും ജപമാല പ്രദക്ഷിണത്തിലും പങ്കുചേർന്നു.
ഇന്നത്തെ തിരുക്കർമങ്ങൾ
പുലര്‍ച്ചെ 5.30, രാവിലെ 6.45, 8.30, പത്ത്. ഉച്ചകഴിഞ്ഞ് 2.30, 3.30, അഞ്ച്, രാത്രി ഏഴ് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന. രാവിലെ 11.15ന് ആലപ്പുഴ ബിഷപ് മാര്‍ ജയിംസ് റാഫേല്‍ ആനാപറമ്പില്‍ ലത്തീന്‍ ക്രമത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വൈകുന്നേരം 4.30 ന് റംശാ, 6.15ന് ജപമാല പ്രദക്ഷിണം.