തകർന്ന സ്റ്റേഡിയത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ നടപടിയില്ല
1577463
Sunday, July 20, 2025 9:31 PM IST
കാഞ്ഞിരപ്പള്ളി: പതിറ്റാണ്ട് പിന്നിട്ടിട്ടും കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് സ്കൂൾ പരിസരത്തെ തകർന്നുകിടക്കുന്ന വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ നടപടിയില്ല.
കാടുകയറിയ സ്റ്റേഡിയം പരിസരം ഇപ്പോൾ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ്. കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്റ് സ്കൂളിനും ബിഎഡ് സെന്ററിനും സമീപം നിർമിച്ച വോളിബോൾ ഇൻഡോർ സ്റ്റേഡിയമാണ് 11 വർഷമായി തകർന്നുകിടക്കുന്നത്.
ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 12 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയം 2014 ഫെബ്രുവരി 28നായിരുന്നു നാടിന് സമർപ്പിച്ചത്. 30 അടി ഉയരത്തിൽ 28 മീറ്റർ നീളത്തിൽ 16 മീറ്റർ വീതിയിൽ നിർമിച്ച സ്റ്റേഡിയം വെറും നാലു മാസം പിന്നിട്ടപ്പോൾ തന്നെ തകർന്നുവീഴുകയായിരുന്നു. മേൽക്കൂരയെ താങ്ങിനിർത്തുന്ന തൂണുകൾ തകർന്നതോടെയാണ് സ്റ്റേഡിയം നിലംപൊത്തിയത്.
വീഴ്ചയിൽ മേൽക്കൂരയ്ക്ക് കാര്യമായ കേടുപാടുകളുണ്ടായിരുന്നില്ല. തൂണുകളുടെ നിർമാണത്തിലെ അപാകതയായിരുന്നു ഇതു തകരാൻ കാരണമായത്.
സ്റ്റേഡിയം തകർന്ന് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇത് ഇവിടെനിന്ന് മാറ്റാനോ പുനർനിർമിക്കാനോ നടപടിയുണ്ടായിട്ടില്ല. നിലംപൊത്തിയ മേൽക്കൂര കാടുകയറി മൂടിയ നിലയാണിപ്പോൾ. ഇതുമൂലം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രവുമാണിവിടം. ഇതിനു സമീപത്തായി പ്രവർത്തിക്കുന്ന ബിഎഡ് കോളജ് വളപ്പിലാണ് കഴിഞ്ഞ ദിവസം മൂർഖൻപാമ്പിനെ കണ്ടത്.
കാടുപിടിച്ചു കിടക്കുന്ന ഇവിടെനിന്ന് ഇഴജന്തുക്കൾ പേട്ട സ്കൂളിലേക്കടക്കം എത്താൻ സാധ്യതയുണ്ട്. ഈ സ്ഥാപനങ്ങളുടെയെല്ലാം ജനലുകൾക്ക് പാളികൾ ഇല്ലാത്ത സ്ഥിതിയാണ്. തകർന്ന ഇൻഡോർ സ്റ്റേഡിയം ഇവിടെനിന്ന് നീക്കിയാൽ കാടുകളെങ്കിലും വെട്ടിത്തെളിക്കാനായേനേ. വിജിലൻസ് കേസ് നിലനിൽക്കുന്നതിനാലാണ് ഇത് ഇവിടെനിന്ന് മാറ്റാത്തതെന്നാണ് അധികൃതരിൽ ചിലർ നൽകുന്ന വിശദീകരണം.
പുതിയ വോളിബോൾ കോർട്ട് എന്നത് വോളിബോൾ പ്രേമികളുടെയടക്കം ആവശ്യവുമാണ്. മുൻ വോളിബോൾ താരങ്ങളുടെ നേതൃത്വത്തിൽ വോളി ഫ്രണ്ട്സ് അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ടെങ്കിലും പരിശീലനം നൽകാൻ സൗകര്യമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ഇൻഡോർ സ്റ്റേഡിയം പുനർനിർമിച്ചിരുന്നുവെങ്കിൽ നിരവധി കായികതാരങ്ങൾക്കും അത് പ്രയോജനകരമായേനെ.