പൊതുജനാരോഗ്യ, പൊതുവിദ്യാഭ്യാസ രംഗങ്ങളെ തകർക്കാൻ ശ്രമം: മന്ത്രി വി.എൻ. വാസവൻ
1577195
Sunday, July 20, 2025 2:46 AM IST
പൊൻകുന്നം: എൽഡിഎഫ് സർക്കാർ പൊതുജനാരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും എന്നാൽ, ചിലർ ഈ രംഗത്തെ തകർക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി വി.എൻ. വാസവൻ.
സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചെറുത്തു തോൽപ്പിക്കുക എന്ന മുദ്രാവാക്യവുമായി എൽഡിഎഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ജനകീയ ആരോഗ്യസദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കൽ കോളജിലെ അപകടത്തിൽ പ്രതിപക്ഷവും ചില ജനപ്രതിനിധികളും നടത്തിയത് രാഷ്ട്രീയ നാടകമാണ്. അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് മന്ത്രിസഭാ തീരുമാനപ്രകാരം ദേവസ്വം ബോർഡിൽ ജോലി നൽകുമെന്നും മന്ത്രി പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി സി.ജി. ജ്യോതിരാജ് അധ്യക്ഷത വഹിച്ചു. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, ഗിരീഷ് എസ്. നായർ, വി.ജി. ലാൽ, എ.എം. മാത്യു ആനിത്തോട്ടം, എം.എ. ഷാജി, ജോസ് മടുക്കക്കുഴി, ഷമീർ ഷാ, എ.എച്ച്. റസാഖ്, രാജൻ ചെറുകാപ്പള്ളി, സുമേഷ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.