ഒരുപറ്റം വിദ്യാർഥികളുടെ സൗഹൃദകൂട്ടായ്മ നാടിന് നന്മയാകുന്നു
1577198
Sunday, July 20, 2025 2:46 AM IST
ഇഞ്ചിയാനി: വേറിട്ട പ്രവർത്തനങ്ങളിലൂടെ നാടിന്റെ നന്മയായി മാറുകയാണ് ഒരുപറ്റം ചെറുപ്പക്കാർ. ഇഞ്ചിയാനി പള്ളിമുറിയിൽ ജാതിമതഭേദമെന്യേ ഒന്നിച്ചുചേർന്ന യുവാക്കളുടെ വിവിധ പ്രവർത്തനങ്ങളാണ് നാടിന് അഭിമാനമായി മാറിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുന്പാണ് പത്താം ക്ലാസുകാരായ കുറച്ച് വിദ്യാർഥികൾ ഒന്നിച്ചു കൂടിയത്. മികച്ച പഠനമായിരുന്നു ലക്ഷ്യം. ഒന്നിച്ചു പഠിച്ച് ഫുൾ എ പ്ലസ് നേടിയതോടെ കൂട്ടായ്മ ശക്തമായി. തുടർന്നുള്ള വർഷങ്ങളിൽ പത്താം ക്ലാസിൽ പഠിക്കുന്ന മറ്റ് കുട്ടികളും ഈ കൂട്ടായ്മയുടെ ഭാഗമായി. ഇപ്പോൾ 25ഓളം കുട്ടികൾ ഇവിടെ ഒരുമിച്ചു കൂടുന്നു.
ഇവരുടെ കൂട്ടായ്മയുടെ ഭാഗമായി ഇപ്പോൾ വട്ടക്കാവ് സെന്റ് സേവ്യേഴ്സ് എൽപി സ്കൂളിന്റെ മുഖച്ഛായ മാറിയിരിക്കുകയാണ്. പഴമയുടെ തനിമ നിലനിൽക്കുമ്പോഴും വർഷങ്ങൾ പഴക്കമുള്ള സ്കൂൾ കെട്ടിടത്തിന് മങ്ങലേറ്റിരുന്നു. യുവാക്കൾ ഒത്തുകൂടി കട്ടകൾ ചുമന്ന് തൂണുകൾ ബലപ്പെടുത്തിയും ചുമരുകൾ പെയിന്റടിച്ചും മനോഹരമാക്കി. ക്ലാസ് മുറികളുടെ ചുവരുകൾ യുവാക്കളുടെ കൈവിരുതിൽ വിരിഞ്ഞ ചിത്രങ്ങളും അറിവിന്റെ അക്ഷരങ്ങളുംകൊണ്ട് മനോഹരമായി.
ക്ലാസ് മുറികളിലെ ഭിത്തികളിൽ പാഠഭാഗവുമായി ബന്ധപ്പെട്ട കേരളം, ഇന്ത്യ ഭൂപടങ്ങൾ, സ്വാതന്ത്ര്യസമര സേനാനികൾ, ദേശീയ ചിഹ്നങ്ങൾ, ഇന്ത്യൻ ഉപഗ്രഹങ്ങൾ, സൗരയൂഥം, ഹിമാലയ പർവതം, മലയാളം - ഇംഗ്ലീഷ് -ഹിന്ദി അക്ഷരങ്ങൾ, ഗുണന പട്ടികകൾ, വനങ്ങൾ, വിവിധ രാജ്യങ്ങളിലെ പതാകകൾ എന്നുവേണ്ട കൊച്ചുകുട്ടികളെ അറിവിന്റെ ലോകത്തേക്ക് ആനയിക്കുന്ന മനോഹരമായ ചുവർ ചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സ്കൂളിന്റെ പഴയ കൽക്കെട്ടിന്റെ ഓരോ കല്ലിലും ഇവരുടെ കലാവിരുത് നിറഞ്ഞുനിൽക്കുന്നു.
പഠനം മറ്റ് സ്ഥലങ്ങളിലായതിനാൽ അവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമാണ് സ്കൂൾ നവീകരണ പ്രവർത്തനങ്ങൾക്കായി ഈ വിദ്യാർഥി കൂട്ടായ്മ സമയം കണ്ടെത്തിയത്. ഇവരുടെ കൂട്ടായ്മയ്ക്ക് എല്ലാ പിന്തുണയുമായി രക്ഷിതാക്കളും ഒപ്പമുണ്ട്.