ബയോറിജിൻ കറിപൗഡറുകളുമായി പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി
1577196
Sunday, July 20, 2025 2:46 AM IST
പീരുമേട്: കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി (പിഡിഎസ്) ബയോറിജിൻ ബ്രാൻഡിൽ പുറത്തിറക്കുന്ന കറി പൗഡറുകളുടെ ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
ചെറുകിട കർഷകരുടെയും ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള തദ്ദേശീയ ജനവിഭാഗത്തിന്റെയും ഉന്നമനത്തിനായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചു വരുന്ന പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സംരംഭം നാട്ടിൽ പുതിയ ഭക്ഷണസംസ്കാരം പ്രചരിപ്പിക്കുന്നതിൽ നിർണായക ചുവടുവയ്പാണെന്ന് ബിഷപ് അഭിപ്രായപ്പെട്ടു.
ഭക്ഷ്യ സുരക്ഷാ വിഭാഗം നിർദേശിക്കുന്ന എല്ലാവിധ മാനദണ്ഡങ്ങളും ഉറപ്പുവരുത്തി, വിവിധ ഗുണമേന്മാ പരിശോധനകൾക്ക് ശേഷമാണ് ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നത്. ഇത്തരത്തിൽ സുരക്ഷിതവും മായം ചേരാത്തതുമായ ഭക്ഷ്യ ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കുന്നതിലൂടെ ചെറുകിട കർഷകരുടെ ഉ ത്പന്നങ്ങൾക്ക് ന്യായമായ വിപണി ഉറപ്പുവരുത്തുന്നതോടൊപ്പം പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യം കൂടി സാക്ഷാത്കരിക്കാൻ പിഡിഎസിന് സാധിക്കുന്നു. കാലാവസ്ഥാ വ്യതിയാനവും കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ചയും മൂലം വിഷമിക്കുന്ന കർഷകസമൂഹത്തിന് കൈത്താങ്ങാകാനും കാർഷികമേഖലയിൽ പുതിയ ഉൗർജം പകരാനും പിഡിഎസിന്റെ ഇത്തരം സംരഭങ്ങൾക്കാകുന്നുവെന്നും ബിഷപ് പറഞ്ഞു.
ചടങ്ങിൽ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടിവ് ഡയറക്ടർ റവ.ഡോ. സാബു ജോണ് പനച്ചിക്കൽ സ്വാഗതം ആശംസിച്ചു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൽമാരായ റവ. ഡോ. ജോസഫ് വെള്ളമറ്റം, ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, റവ. ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, രൂപത പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തടത്തിൽ, പിഡിഎസ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. റോയ് നെടുംതകിടിയേൽ, പിഡിഎസ് ചീഫ് അക്കൗണ്ടന്റ് ജോമോൻ ചവറപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.