എരുമേലി മേൽപ്പാലം പദ്ധതി വീണ്ടും വിവാദത്തിൽ
1577465
Sunday, July 20, 2025 9:31 PM IST
എരുമേലി: ശബരിമല സീസണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അയ്യപ്പഭക്തർക്കും നാട്ടുകാർക്കും റോഡ് മുറിച്ചു കടക്കാതെ സഞ്ചരിക്കാനും കഴിയുന്ന മേൽപ്പാലം എരുമേലി ടൗണിൽ നിർമിക്കാനുള്ള പദ്ധതിക്കെതിരേ വീണ്ടും എതിർപ്പും ഒപ്പം വിവാദവും.
2023ൽ സംസ്ഥാന ബജറ്റിൽ 15 കോടി അനുവദിച്ച് സർക്കാർ പ്രഖ്യാപിച്ച എരുമേലി മാസ്റ്റർപ്ലാനിന് രണ്ടു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് രൂപരേഖയായത്. ഇതിന്റെ പ്രകാശനം പഞ്ചായത്ത് ഹാളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നടത്തിയിരുന്നു.
ഇത് സംബന്ധിച്ച് വാർത്തകൾ വന്നതോടെ മേൽപ്പാലം നിർമാണത്തിനെതിരേ ഇന്നലെ ചില ഹൈന്ദവ സംഘടനകളുടെ നേതാക്കൾ എതിർപ്പുമായി രംഗത്തെത്തി.
മുമ്പ് പി.സി. ജോർജ് എംഎൽഎ ആയിരുന്നപ്പോഴും യു.വി. ജോസ് കോട്ടയം ജില്ലാ കളക്ടർ ആയിരുന്നപ്പോഴും ഈ പദ്ധതി ഉയർന്നിരുന്നു. മുൻ കളക്ടർ യു.വി. ജോസ് ഈ പദ്ധതി ഭൂഗർഭ പാതയാക്കി നടപ്പിലാക്കാൻ ശ്രമം ആരംഭിച്ചതാണ്. പി.സി. ജോർജ് മേൽപ്പാലം നിർമാണം നടത്താൻ ശ്രമിച്ചിരുന്നു. രണ്ടും എതിർപ്പുകൾ മൂലം വേണ്ടെന്നു വച്ചു.
മുസ്ലിം പള്ളിയെയും എതിരേയുള്ള കൊച്ചമ്പലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്നതെന്ന് പ്ലാൻ പ്രകാശനം ചെയ്ത് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചിരുന്നു.
എന്നാൽ, ക്ഷേത്രവുമായി ബന്ധപ്പെട്ട ആരോടും ചർച്ച നടത്താതെയാണ് മേൽപ്പാലം പദ്ധതി കൊണ്ടുവരാൻ ശ്രമിക്കുന്നതെന്ന് ഇന്നലെ ഹൈന്ദവ സംഘടന നേതാക്കൾ ആരോപിച്ചു. എരുമേലി ടൗൺ പൂർണമായും വാഹനവിമുക്തമാക്കി ശബരിമല സീസണിൽ മാറ്റുകയാണ് അനുയോജ്യമായ മാർഗമെന്ന് ഇവർ പറയുന്നു. ടൗൺ ഒഴിവാക്കി കടന്നുപോകാവുന്ന റിംഗ് റോഡുകൾ രണ്ടുവരി പാതയാക്കി വികസിപ്പിച്ചാൽ മേൽപ്പാലം ആവശ്യമില്ലെന്നും ഇവർ പറയുന്നു.
എന്നാൽ, ശബരിമല സീസണിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത് പേട്ടക്കവലയിൽ ഭക്തർ മുസ്ലിം പള്ളിയിലേക്കും ക്ഷേത്രത്തിലേക്കും പോകാനും വരാനും വേണ്ടി രണ്ടു തവണ റോഡ് മുറിച്ചുകടക്കുന്നതു മൂലമാണെന്നും ഇതിന് ഏറ്റവും നല്ല പരിഹാരം മേൽപ്പാലമാണെന്നും എംഎൽഎ പറയുന്നു.