റോഡരികിൽ തള്ളിയ കോൺക്രീറ്റ് അവശിഷ്ടങ്ങളും മണ്ണും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു
1577368
Sunday, July 20, 2025 7:09 AM IST
നെടുംകുന്നം: പിഡബ്ല്യുഡി അധികൃതരുടെ നടപടി വഴി നടപ്പ് ബുദ്ധിമുട്ടിലാക്കിയതായി ആരോപണം. ഓടനിർമാണത്തിനായി പിഡബ്ല്യുഡി എടുത്ത മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളും റോഡിന്റെ വശങ്ങളിൽ തള്ളിയതാണ് യാത്രക്കാരെ വലയ്ക്കുന്നത്. കറുകച്ചാൽ-മണിമല റോഡിൽ ഓട നിർമിക്കുന്നതിന് റോഡിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എടുത്ത മണ്ണും കോൺക്രീറ്റ് സ്ലാബുകളടക്കമുള്ളവ റോഡിന്റെ വശങ്ങളിൽ തള്ളി.
നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തിൽ മണ്ണ് തള്ളിയിരിക്കുന്നത്. നെടുംകുന്നം വില്ലേജ് ഓഫീസിന് സമീപം 15 ലോഡ് മണ്ണും കോൺക്രീറ്റ് അവശിഷ്ടങ്ങളുമാണ് കുന്നുകൂടി കിടക്കുന്നത്. ഇവ റോഡിലേക്ക് ഇറങ്ങിക്കിടക്കുന്നതിനാൽ കാൽനട യാത്രക്കാരും വാഹനയാത്രികരും ഒരുപോലെ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇതിനു സമീപമുള്ള ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സഞ്ചരിക്കുന്ന നൂറുകണക്കിന് വിദ്യാർഥികൾക്കും ഇത് പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. റോഡിലെ വളവുകളിലടക്കമാണ് മണ്ണ് തള്ളിയിരിക്കുന്നത്.
ശക്തമായ മഴയിൽ ഇവ ഒഴുകി റോഡിൽ പരന്നതിനാൽ റോഡിന്റെ പല ഭാഗങ്ങളും ചെളി നിറഞ്ഞിരിക്കുകയാണ്. യാത്രക്കാർക്കും വിദ്യാർഥികൾക്കും ബുദ്ധിമുട്ടായതിനാൽ മണ്ണ് എത്രയും വേഗം ഇവിടെനിന്നു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, ഓടനിർമാണം പൂർത്തിയായ ശേഷമേ ഇത് മാറ്റുകയുള്ളുവെന്നാണ് പിഡബ്ലുഡി അധികൃതർ പറയുന്നത്.